
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സംവരണത്തിന്റെ മറപിടിച്ച് പൊതു വിഭാഗത്തിലെ ഇരട്ടി വിഹിതം (20 ശതമാനം) കവരുന്ന കൗശലം പി.എസ്.സി നിയമനങ്ങളിലും പ്രാബല്യത്തിലാവുന്നു. കഴിഞ്ഞ വർഷത്തെ മെഡിക്കൽ, ഇക്കൊല്ലത്തെ പ്ലസ് വൺ പ്രവേശനങ്ങളിൽ നടത്തിയ തട്ടിപ്പിന്റെ തുടർച്ചയാണിത്. സർക്കാർ നിയമനങ്ങളിൽ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് കഴിഞ്ഞ ദിവസം ഇറക്കിയ വിജ്ഞാപനത്തിലാണ് ഈ ചതി ഒളിപ്പിച്ചുവച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസസ് ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ള വിജ്ഞാപനത്തിന് ഈ മാസം 23 മുതൽ പ്രാബല്യമുണ്ട്. പി.എസ്.സി ഇനി അപേക്ഷ ക്ഷണിക്കുന്ന തസ്തികകളിൽ, സാമ്പത്തിക സംവരണത്തിന്റെ മറവിൽ ഈ തട്ടിപ്പാവും നടപ്പിലാവുക.
വിജ്ഞാപനത്തിലെ വ്യവസ്ഥയനുസരിച്ച്,മൊത്തം നിയമനങ്ങളിൽ 10 ശതമാനം സാമ്പത്തിക സംവരണത്തിനാണ്. പിന്നാക്ക-പട്ടിക വിഭാഗക്കാർക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തിൽ കുറവ് വരുത്താതെ, ബാക്കിയുള്ള 50 ശതമാനം മെരിറ്റ് ക്വാട്ടയിലെ 10 ശതമാനമാണ് സാമ്പത്തിക സംവരണത്തിന് നൽകുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവർത്തിച്ചുള്ള വിശദീകരണം. സംഭവിക്കുന്നതോ? നിയമനം 100 ഒഴിവുകളിലേക്കാണെങ്കിൽ,അതിൽ 50 എണ്ണം പട്ടിക-പിന്നാക്ക സംവരണത്തിനാണ്. സർക്കാർ വിശദീകരണപ്രകാരം, ശേഷിച്ച 50 പൊതു നിയമനങ്ങളിൽ 10 ശതമാനമാണ് മുന്നാക്ക സംവരണത്തിന് നൽകേണ്ടത്. സാമാന്യ ഗണിതം അനുസരിച്ച് അത് 5 എണ്ണമേ വരൂ. എന്നാൽ, നൽകുന്നതാവട്ടെ 10 നിയമനങ്ങൾ. അതായത് മെരിറ്റിലെ
20 ശതമാനം. ഇവിടെ അധികം കവരുന്ന 5 എണ്ണം ഉൾപ്പെടെ 10 നിയമനങ്ങളും സംവരണ സമുദായങ്ങൾക്കും അവകാശപ്പെട്ടതാണ്.
സാമ്പത്തിക സംവരണ തട്ടിപ്പ് ഇങ്ങനെ
പി.എസ്.സി നിയമനങ്ങളിൽ സർക്കാർ തീരുമാനിച്ച 10% സാമ്പത്തിക സംവരണത്തിന്റെ ഇരട്ടി നടപ്പാക്കേണ്ട രീതിയും വിജ്ഞാപനത്തിൽ വിവരിക്കുന്നുണ്ട്. 20 ഒഴിവുകൾ ഒരു യൂണിറ്റായി കണക്കാക്കിയാണ് നിലവിലെ നിയമനം. ഇതിൽ 10 എണ്ണം പൊതു വിഭാഗത്തിനും, 10 എണ്ണം സംവരണ സമുദായങ്ങൾക്കുമാണ്.
ഇതിൽ ഒന്നിടവിട്ട ഊഴം മെരിറ്റിനും, സംവരണത്തിനും നൽകും. അതായത് 1, 3,5,7,9 എന്ന ക്രമത്തിൽ മെരിറ്റിനും, 2,4,6,8,10 എന്ന ക്രമത്തിൽ സംവരണത്തിനും. ഇനി മുതൽ,മെരിറ്റിൽ വരുന്ന 9,19... ഊഴങ്ങൾ സാമ്പത്തിക സംവരണത്തിന് നൽകണം. 100 നിയമനങ്ങൾ നടത്തുമ്പോൾ 9,19 മുതൽ 99 വരെ എന്ന ക്രമത്തിൽ നൽകേണ്ടത് 10 നിയമനം. ഇതോടെ, 50% പൊതുവിഭാഗം 30 ശതമാനമായി ചുരുങ്ങും.10 ശതമാനമാണ് സാമ്പത്തിക സംവരണമെങ്കിൽ 9, 19, 29 എന്ന ക്രമത്തിനു പകരം 9, 29, 49, 69, 89 എന്നാണ് വരേണ്ടത്.
രണ്ട് ന്യൂനപക്ഷ എൻജി. കോളേജുകളിലെ
മുന്നാക്ക സംവരണ സീറ്റുകൾ റദ്ദാക്കി
തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടി.കെ.എം, കോതമംഗലം മാർ അത്തനേഷ്യസ്
എൻജിനിയറിംഗ് കോളേജുകളിൽ ചട്ടവിരുദ്ധമായി നടത്തിയ മുന്നാക്ക സംവരണ സീറ്റ് അലോട്ട്മെന്റ് റദ്ദാക്കി.
ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്ക സംവരണം പാടില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉത്തരവ്. ഇത് ലംഘിച്ചാണ് എൻജിനിയറിംഗ് രണ്ടാം ഘട്ട അലോട്ട്മെന്റിനു മുമ്പ് രണ്ട് എയ്ഡഡ് കോളേജുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കിയത്. കൊല്ലം ടി.കെ.എമ്മിലെ 55 സീറ്റും, കോതമംഗലം മാർ അത്തനേഷ്യസിലെ 45 സീറ്റുമാണ് അലോട്ട് ചെയ്തത്. വിവരം പുറത്തായതോടെ, പ്രശ്നത്തിൽ ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ, അലോട്ട്മെന്റ് പിൻവലിക്കാൻ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകി. പുതുക്കിയ അലോട്ട്മെന്റ് ഉടൻ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു. പിഴവിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനും ഉത്തരവിട്ടു.
തുടർന്ന്, പ്രവേശന പരീക്ഷാ കമ്മിഷണർ ഈ അലോട്ട്മെന്റ് വെബ്സൈറ്റിൽ നിന്ന് പിൻവലിച്ച്, പുതുക്കിയ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് റദ്ദായവരിൽ കുറെപ്പേരെ മറ്റ് കോളേജുകളിലെ ഓപ്ഷനുകളിലേക്ക് പരിഗണിച്ചു. 55 പേർക്ക് അലോട്ട്മെന്റ് നഷ്ടമായി. ഇവരെ അടുത്ത അലോട്ട്മെന്റിൽ, നേരത്തേ നൽകിയ മറ്റ് ഓപ്ഷനുകളിലേക്ക് പരിഗണിക്കും.