
രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച 'കെഞ്ചിര" സിനിമയുടെ സംവിധായകൻ മനോജ് കാന...
നാലുവർഷം മുമ്പ് മുത്തങ്ങയിലാണ് ആദ്യം എത്തിയത്. തെരുവ് നാടകം എന്ന ഒരു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായാണ് ആ വരവ്. തെരുവിൽ നാടകം കളിക്കലായിരുന്നു മുഖ്യ പണി. മുത്തങ്ങ സ്‌കൂൾ അടച്ച് പൂട്ടുന്നതിനെതിരെ ജനകീയ സമരം നടത്തി. ഇതിനെതിരെ തെരുവ് നാടകങ്ങൾ കളിച്ചു. കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ വേണ്ടി 'ഉൗടക്ക് ബാ'(ഇവിടെ വാ) എന്ന പേരിൽ തെരുവ് നാടകം ഉണ്ടാക്കി. എല്ലാം കോളനികളിലും കളിച്ചു. രണ്ട് മാസത്തിനുള്ളിൽ മൂന്ന് റൗണ്ട് വരെ കളിച്ചു. മുത്തങ്ങയിൽ ലൈബ്രറിയുടെ പ്രവർത്തനവും നടത്തി. അത് കഴിഞ്ഞാണ് 'ഉറാട്ടി'യുമായി രംഗത്ത് വന്നത്. ഉറാട്ടി നാടകത്തിന് വേണ്ടി ഒാരോ സ്ഥലത്തും ക്യാമ്പ് ചെയ്‌ത് പ്രവർത്തനം നടത്തി. മൂന്നും നാലും മാസം നീണ്ട ശ്രമം. പട്ടിണി കിടന്നാണ് ഉറാട്ടി നാടകം ഉണ്ടാക്കിയത്. ആദിവാസികൾക്കൊപ്പം ജീവിച്ചു. അവർക്കൊപ്പം ഉണ്ടും ഉറങ്ങിയും കഴിഞ്ഞു. കൂലിപ്പണിക്ക് പോലും ഇവർക്കൊപ്പം പോയി. അതൊരു വലിയ ബന്ധമായിരുന്നു.
ആദിവാസികളുടെ ജീവിതത്തിന്റെ എല്ലാ പൾസും എനിക്കറിയാം. വയനാട്ടിൽ ജീവിച്ചർക്ക് പോലും അറിയാത്ത അവരുടെ വികാരങ്ങളും വിചാരങ്ങളും എനിക്കറിയാം. അവർക്കൊപ്പം ഒരുപാട് പട്ടിണി കിടന്നു. എല്ലാത്തിനും സങ്കീർണ്ണമായ കാരണങ്ങളുണ്ട്. നൂറ്റാണ്ടുകളായി അങ്ങനെ രൂപപ്പെട്ട് പോയതാണ്. ആറ് വർഷം കെഞ്ചിരക്ക് വേണ്ടി അലഞ്ഞു. സ്ക്രിപ്റ്റ് മലയാളത്തിൽ എഴുതി ആദിവാസി ഭാഷയിലേക്ക് മാറ്റുകയായിരുന്നു. പല ഘട്ടം കഴിഞ്ഞാണ് ഷൂട്ടിംഗിലേക്ക് കടന്നത്. ഇവരുമായുളള അനുഭവത്തിൽ നിന്നാണ് കെഞ്ചിരയുടെ തിരക്കഥ രൂപപ്പെടുന്നത്. കഥാപാത്രങ്ങളെ കണ്ടെത്താൻ ഏറെ പാടുപ്പെട്ടു.