
പ്ലാസ്റ്റിക് സർജറികളും ബൊട്ടോക്‌സും കൊണ്ട് സ്വന്തം ശരീരം മാറ്റിമറിച്ച കൈലി ജെനറിനെ അറിയാത്തവർ കുറവാണ്. എന്നാൽ, ലോകറെക്കോഡുകാരനായ ജർമ്മൻ സ്വദേശി റോൾഫ് ബൂക്കൂൾസിനെ എത്രപേർക്കറിയാം. 40 വയസ്സ് മുതലാണ് അദ്ദേഹം ശരീരം കൊണ്ട് പരീക്ഷണം നടത്താൻ തുടങ്ങിയത്. ഇപ്പോൾ 61 വയസ്സുള്ള അദ്ദേഹം ശരീരമാസകലം 516 ട്രീറ്റ്മെന്റുകൾ എടുത്തുക്കഴിഞ്ഞു. എന്നാൽ, ഇവിടംകൊണ്ടൊന്നും തന്റെ പരീക്ഷണം അവസാനിപ്പിക്കാൻ തയ്യാറല്ലെന്നാണ് റോൾഫ് പറയുന്നത്. ഒരു ടെലികോം കമ്പനിയുടെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലെ ജീവനക്കാരനാണ് അദ്ദേഹം. കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ചുണ്ടുകൾ, പുരികങ്ങൾ, മൂക്ക് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹം ദ്വാരം വീഴ്ത്തിയിട്ടുണ്ട്. പോരാത്തതിന് തലയിൽ രണ്ട് ചെറിയ കൊമ്പുകളും ഉണ്ട്. 2010 ലാണ് ആദ്യ ഗിന്നസ് റെക്കാഡ് നേടിത്. 453 ദ്വാരങ്ങളും, ശരീരത്തിന്റെ 90 ശതമാനം ടാറ്റുവും, തൊലിക്കടിയിലെ ഇംപ്ളാന്റുകളുമായിട്ടാണ് റോൾഫിന്റെ ജീവിതം. പുരികങ്ങൾക്കു ചുറ്റും മാത്രമായി 37 തുളകൾ ഉണ്ട്. ഈ വിചിത്ര ലുക്ക് കൊണ്ട് മാത്രം ദുബായ് എയർപോർട്ടിൽ മടക്കി അയച്ചിട്ടുണ്ട്.
തലയിൽ കൊമ്പ് ഘടിപ്പിക്കുന്നതിനായി ഏകദേശം 1.37 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കണ്ണുകളിൽ ടാറ്റു പതിപ്പിക്കുകയും നാവ് ഫോർക് പോലെയാക്കുകയും ചെയ്തു. കൈത്തണ്ടക്ക് ചുറ്റും തൊലിക്കടിയിലായി ആറ് ഇംപ്ലാന്റുകളും കയ്യിൽ മാഗ്നറ്റിക് ഇംപ്ളാന്റുകളുമുണ്ട്. തന്റെ സോഷ്യൽ മീഡിയ ചാനലുകൾ വഴി സ്വന്തം വീഡിയോകൾ പോസ്റ്റ് ചെയ്തതിലൂടെയാണ് അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഉള്ളംകൈയിലെ ടാറ്റുവാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്ന് റോൾഫ് പറഞ്ഞു. വേദന താങ്ങാനുള്ള ശക്തി തനിക്കു കുറവാണെന്നും പറഞ്ഞിട്ടുണ്ട്.