
അഭിനയത്തിൽ അന്നും ഇന്നും മോഹൻലാലിന് തുല്യം മോഹൻലാൽ മാത്രമാണ്. എന്നാൽ സ്‌റ്റൈലിലും ഫാഷനിലും ലാലിനേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നവർ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നു പറയാൻ കാരണം, ഇന്ന് മോഹൻലാൽ അവർക്കൊപ്പമോ, ഒരുപക്ഷേ അവരേക്കാളുമൊക്കെ മുന്നിലോ എത്തി എന്നതുകൊണ്ടാണ്. മോഹൻലാൽ അണിയുന്ന വാച്ച്, ഷർട്ട്, ഡെനിം ജീൻസ് ഇവയൊക്കെ സോഷ്യൽ മീഡിയയെ നിരവധി തവണ ഇളക്കി മറിച്ചിട്ടുണ്ട്. ലാലിന്റെ ഈ മാറ്റത്തിന് പിന്നിൽ ജിഷാദ് ഷംസുദ്ദീൻ എന്ന തൃശ്ശൂർ സ്വദേശിയുടെ കൈയൊപ്പുണ്ട്.
അടുത്ത കാലത്തെല്ലാം ലാൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള പരസ്യചിത്രങ്ങളിലും, പുരസ്‌കാര നിശകളിലുമെല്ലാം അദ്ദേഹത്തിന്റെ വസ്‌ത്രങ്ങൾ ഡിസൈൻ ചെയ‌്തിരിക്കുന്നത് ജിഷാദ് ആണ്. ബ്രാൻഡ് വാല്യുവിനെക്കാൾ ഉപരി മോഹൻലാൽ പരിഗണന നൽകുന്നത് കംഫർട്ടിനാണെന്ന് ജിഷാദ് പറയുന്നു.
'മോഹൻലാൽ സാറിന്റെ കൈയിൽ ആൾമോസ്‌റ്റ് എല്ലാ ബ്രാൻഡ്‌സുമുണ്ട്. ഡിസൈനർ അഥവാ സ്‌റ്റൈലിസ്‌റ്റ് എന്ന നിലയിൽ ഞാൻ കേൾക്കാത്ത ബ്രാൻഡ് വരെ സാറിന്റെ കൈയിലുണ്ട്. ട്രൂ റിലീജിയൺ എന്നുപറയുന്ന ജീൻസ് എനിക്ക് തോന്നുന്നു, കേരളത്തിൽ ധരിക്കുന്നതായി ഞാൻ കണ്ടിട്ടുള്ളത് മോഹൻലാൽ സാർ, അദ്ദേഹത്തിന്റെ സുഹൃത്ത് സമീർ ഹംസ, പൃഥ്വിരാജ് എന്നിവരാണ്. അത്രയും വിലയുള്ള ജീൻസ് ആണത്. സച്ചിൻ തെണ്ടുൽക്കറൊക്കെ ഇടുന്ന ബ്രാൻഡാണ്. പിന്നെ, റോക്ക് റിവൈവൽ എന്നൊരു ബ്രാൻഡുണ്ട്. സ്വർണമൊക്കെ പതിച്ച ജീൻസുപോലെ തോന്നും, അത്രയ്‌ക്കും ഹെവി വർക്കാണതിന്. അങ്ങനെ എല്ലാ ബ്രാൻഡും സാറിന്റെ കൈയിലുണ്ട്. എങ്കിലും മോഹൻലാൽ സാർ കൂടുതലും ഫോക്കസ് ചെയ്യുന്നത് ബ്രാൻഡിൽ അല്ല; കംഫർട്ടിലാണ്. അതുകൊണ്ടാണ് ജാപ്പനീസ് മോഡലുകൾ അദ്ദേഹം കൂടുതലും തിരഞ്ഞെടുക്കുന്നത്. ആയിരം രൂപയുടെ പാന്റ് ആണെങ്കിൽ പോലും സാർ ബോതേർഡ് അല്ല'-ജിഷാദ് പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷാദ് ഇക്കാര്യം വ്യക്തമാക്കിയത്.