
ലോസ്ആഞ്ചലസ് : ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് മരണങ്ങളിൽ 15 ശതമാനവും വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തൽ. കൊവിഡ് മരണങ്ങളിൽ 15 ശതമാനവും ദീർഘകാലമായി മലിനമായ അന്തരീക്ഷമുള്ള സ്ഥലങ്ങളിൽ ജീവിക്കുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് ഗവേഷകർ പറയുന്നത്.
യൂറോപ്പിൽ ഏകദേശം 19 ശതമാനം, വടക്കേ അമേരിക്കയിൽ 17 ശതമാനം, കിഴക്കൻ ഏഷ്യയിൽ 27 ശതമാനം എന്നിങ്ങനെയാണ് കൊവിഡ് മരണങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് കാർഡിയോവാസ്കുലാർ റിസേർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
അതേ സമയം, കൊവിഡ് മരണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ഓരോ രാജ്യത്തും സംഭവിച്ച മരണങ്ങളിൽ എത്ര പേരുടേത് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കണക്കുകൾ ഇപ്പോൾ അന്തിമമായി കണക്കാക്കാൻ സാധിക്കില്ലെന്ന് ഗവേഷകർ പറയുന്നു.
യു.കെയിൽ നിലവിൽ 44,000 ത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഏകദേശം 14 ശതമാനം അതായത് 6,100 പേരുടെയെങ്കിലും മരണത്തിന് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യാഘാതവും കാരണമായിട്ടുണ്ട്. നേരത്തെ യു.എസും ചൈനയും സമാന രീതിയിൽ അന്തരീക്ഷ മലിനീകരണവും കൊവിഡ് മരണങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനങ്ങൾ നടത്തിയിരുന്നു.
അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഉപഗ്രഹ വിവരങ്ങളും ഗവേഷകർ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ മാസത്തിലെ മൂന്നാമത്തെ ആഴ്ച വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കണ്ടെത്തൽ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് വ്യാപനവും മരണ നിരക്കും കുറഞ്ഞ ശേഷം ഓരോ രാജ്യത്തും കൊവിഡ് മരണനിരക്കിനെ അന്തരീക്ഷ മലിനീകരണം എങ്ങനെ സ്വാധീനിച്ചു എന്ന വ്യക്തമായ ചിത്രം ലഭിക്കും.
അതേ സമയം, ഓരോ രാജ്യത്തെയും സംബന്ധിച്ച ഏകദേശ കണക്കുകൾ ഉദാഹരണത്തിനായി ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്. ചെക് റിപ്പബ്ലിക് 29 ശതമാനം, ചൈന 27 ശതമാനം, ജർമനി 26 ശതമാനം, സ്വിറ്റ്സർലാൻഡ് 22 ശതമാനം, ബെൽജിയം 21 ശതമാനം, നെതർലൻഡ്സ് 19 ശതമാനം, ഇറ്റലി 15 ശതമാനം, യു.കെ 14 ശതമാനം എന്നിങ്ങനെയാണ് അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്ന കൊവിഡ് മരണങ്ങളുടെ നിരക്ക്.
മലിന വായുവിലെ സൂക്ഷ്മ കണികകൾ പകർച്ചവ്യാധിയ്ക്ക് കാരണമായ വൈറസുകളുടെ അന്തരീക്ഷ ആയുസ് വർദ്ധിപ്പിക്കുകയും കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനത്തിന് കാരണമാകുമെന്നും നേരത്തെ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.