
മുംബയ്: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ടിവി സിരിയൽ അഭിനേത്രിയെ പരിചയക്കാരനായ യുവാവ് കുത്തി പരിക്കേൽപ്പിച്ചു.സിനിമ-ടിവി നടിയായ മാൾവി മൽഹോത്രയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വടക്കെ മുംബയിലെ വെർസോവ ഏരിയയിലെ ഒരു കഫെയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകാനിറങ്ങിയ നടിയുടെ നേരെ അവിടെയെത്തിയ സുഹൃത്തായ യോഗേഷ്‌കുമാർ മഹിപാൽ സിംഗ് വിവാഹാഭ്യർത്ഥന നടത്തി. അഭ്യർത്ഥന നിരസിച്ചതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യോഗേഷ് നടിയുടെ വയറ്റിലും കൈകളിലും കുത്തുകയായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒരുവർഷമായി യോഗേഷിനെ പരിചയമുണ്ടെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം യോഗേഷ് മുൻപും ഉന്നയിച്ചിരുണ്ടെന്നും ആവശ്യം താൻ തളളിയിരുന്നതായും മാൾവി പൊലീസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച ശേഷം യോഗേഷ് സ്വന്തം കാറിൽ രക്ഷപ്പെട്ടു. ഇയാൾക്കെതിരെ വധശ്രമത്തിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസെടുത്തതായി മുംബയ് പൊലീസ് അറിയിച്ചു.