
ലോകത്തെ ഏറ്റവും പഴയ ആയോധനകലയായ കളരിപ്പയറ്റ് ഒരു ജീവിതരീതിയായി കേരളത്തിൽ നിലനിന്നിരുന്നു എന്നാണ് സഞ്ചാരികൾ കുറിക്കുന്നത്. ശരീരവും മനസും തമ്മിലുള്ള പൊരുത്തവും മെയ് വഴക്കവും കൂർമ്മ ബുദ്ധി പ്രയോഗവും കൊണ്ട് ഒരു വ്യക്തിയെ സമ്പൂർണ വ്യക്തിയാക്കാൻ പ്രാപ്തിയുള്ള കല. നൃത്തത്തിന്റെ പൂർണതയ്ക്കുവേണ്ടി കഥകളി, മറ്റു നാട്യ വിഭാഗങ്ങൾ ഇവ അഭ്യസിക്കുന്നവർ തേടിവരുന്ന കല. പഴശ്ശിരാജാവും വേലുത്തമ്പിദളവയും സ്വാതന്ത്ര്യസമരത്തിനായി ഉപയോഗിച്ചതിനാൽ ബ്രിട്ടീഷുകാർ നിരോധിച്ച ആയോധനമുറ കൂടിയാണു കളരിപ്പയറ്റ്. പന്തീരായിരം വർഷം മുൻപ് ഈ നാട്ടിൽ ജന്മമെടുത്തു എന്നു വിശ്വസിക്കുന്ന കളരി സമ്പ്രദായം ബുദ്ധ വിഹാരങ്ങളിൽ സ്ഥിരമായി അഭ്യസിപ്പിച്ചിരുന്നത്രെ. ബുദ്ധമത പ്രചാരണം ചൈനയിലേക്കും ജപ്പാനിലേക്കും മറ്റും നീണ്ടപ്പോൾ ഒപ്പം ആയോധന മുറകളും അങ്ങോട്ടേക്കു പടർന്നുവെന്നു പറയുന്നു. കുംഗ്ഫൂ അതിനാൽ കളരിപ്പയറ്റിൽ നിന്നു രൂപാന്തരപ്പെട്ടതാണെന്നൊരു മതമുണ്ട്.
എല്ലാ ജാതിമത വിഭാഗത്തിൽപ്പെട്ടവരും സ്ത്രീകളും അഭ്യസിച്ചു വന്നിരുന്നതിനാൽ കളരിപ്പയറ്റിന് കേരളത്തിൽ സാർവലൗകികത കൈവന്നു. കളരി ഗുരുക്കൾക്ക് സമൂഹത്തിൽ വലിയ സ്ഥാനമാണുണ്ടായിരുന്നത്. വടകരയിൽ നിന്നുള്ള 74 വയസ്സുകാരി മീനാക്ഷിയമ്മ ഗുരുക്കളെ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചത് അഭിമാനമായല്ലോ. ധൈര്യമുള്ള സ്ത്രീകളെ വടക്കൻ പാട്ടിലെ 'ഉണ്ണിയാർച്ച"യോടുപമിക്കുന്നത് കേരളത്തിൽ പതിവാണ്. സ്വാമി അയ്യപ്പൻ തന്റെ ചെറുപ്പകാലത്ത് കളരി അഭ്യസിച്ചത് മുഹമ്മയിലെ ചീരപ്പൻചിറ തറവാട്ടിലാണെന്നാണ് വിശ്വാസം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയപ്രവർത്തകയും മന്ത്രിയുമായിരുന്ന സുശീലാ ഗോപാലൻ ഈ തറവാട്ടിലെ അംഗമായിരുന്നു.
അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളിയിൽ വികാരിയായിരുന്ന ഫാദർ ജക്കോമോ ഫെനീഷ്യോ എന്ന പോർച്ചുഗീസ് ജസ്യൂട്ട് പാതിരിയും അയ്യപ്പനും ഉറ്റ സുഹൃത്തുക്കളായിരുന്നുവത്രേ. പാതിരി കളരിപ്പയറ്റ് പഠിക്കുകയും നാട്ടുകാരുമായി വളരെ നല്ല ബന്ധം പുലർത്തുകയും ചെയ്തിരുന്നതായി പറയുന്നു.
ഇന്നും അയ്യപ്പ സന്നിധിയിലെത്തുന്ന ധാരാളം ഭക്തന്മാർ മാല ഊരുന്നത് അർത്തുങ്കൽ പള്ളിയിലെത്തി 'വെളുത്തച്ഛനെ" വണങ്ങിയ ശേഷമാണ്. എരുമേലിയിലെ വാവർ പള്ളി അയ്യപ്പ തീർത്ഥാടകരുടെ പ്രധാന കേന്ദ്രമാണ്. വാവർ ആയോധന കലകളിൽ വിദഗ്ദ്ധനായിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു പേരും ഒരു പോലെ ആയോധന വൈദഗ്ദ്ധ്യമുള്ളവരാണെന്നു മനസ്സിലായശേഷം അവർ ആത്മസുഹൃത്തുക്കളും സന്തത സഹചാരികളുമായെന്നാണു വിശ്വാസം.
ദേശ സംരക്ഷണത്തിൽ ആയോധന കലകളുടെ അഭ്യാസത്തിനു വലിയ പങ്കുണ്ട്. അച്ചടക്കവും ആത്മനിയന്ത്രണവും ശീലിക്കാനും നോട്ടം കൊണ്ടും ശരീരഭാഷ കൊണ്ടും മാത്രം ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ നേരിടുന്നതിനും ആയോധനകല അഭ്യസിച്ചവർക്കു കഴിയും. ആരോഗ്യമുള്ള ശരീരവും മനസ്സും ബന്ധപ്പെട്ടിരിക്കുന്നു. യുവജനതയ്ക്ക് ആത്മവിശ്വാസവും കരുത്തുമുണ്ടെങ്കിൽ ആ പ്രദേശത്തേക്ക് മറ്റുള്ളവർ ആക്രമിക്കാൻ തയ്യാറായി എത്തുകയില്ല. ലഹരിക്കും മറ്റും അടിമപ്പെടാതെ അച്ചടക്കമുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആയോധനകലകളുടെ പരിശീലനം എല്ലാ കുട്ടികൾക്കും നൽകുന്നത് ഉചിതമായിരിക്കും. ജനമൈത്രി പോലീസ് നൽകുന്ന സ്വയംരക്ഷാ പരിശീലനം ലക്ഷക്കണക്കിനു സ്ത്രീകളിൽ ആത്മവിശ്വാസം വളർത്തുവാൻ സഹായകരമായിട്ടുണ്ട്.
പഴയകാലത്ത് ഓരോ നാട്ടിലും ഓരോ കളരിയുണ്ടായിരുന്നു. കളരിയിൽ പോയി മെയ്യഭ്യാസം ചെയ്യുന്നത് എല്ലാ കുട്ടികളുടെയും പതിവായിരുന്നു. അത്തരം കളരി വീടിനടുത്ത് ഉണ്ടായിരുന്നതായി എന്റെ അച്ഛൻ പറയുന്നു. ഒരു പക്ഷേ ബ്രിട്ടീഷ് വിലക്കാണോ ഈ സമ്പ്രദായം അസ്തമിക്കാൻ കാരണമായത്? ആധുനിക കാലഘട്ടത്തിൽ ഇത്തരം കേന്ദ്രങ്ങൾ സ്കൂളുകളോട് അനുബന്ധിച്ച് ഉണ്ടാവുന്നത് കൂടുതൽ പ്രായോഗികമായിരിക്കും. നിർഭയത്വവും ആത്മവിശ്വാസവുമുള്ള കുട്ടികളാണു നാടിന്റെ സമ്പത്ത്. ചെറുകാറ്റടിക്കുമ്പോൾ കടപുഴകുകയും ആത്മഹത്യ ചെയ്യുകയുമൊക്കെ ചെയ്യുന്ന കുട്ടികൾ ഞെട്ടലുണ്ടാക്കുന്നു. ബ്രോയിലർ കോഴികളെപ്പോലെയല്ല നാം കുട്ടികളെ വളർത്തേണ്ടത്. അവർക്ക് സ്വയം രക്ഷയ്ക്ക് പ്രാപ്തിയുണ്ടാകണം. സ്വന്തം വീടുകളിൽ പോലും കുട്ടികൾ ചൂഷണ ത്തിനു വിധേയരാകുന്ന കാലം കൂടിയാണിത്. ശരിയായ 'തൊടലും" തെറ്റായ 'തൊടലും" തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ ആരെയും നേരിടാനും ജീവിതത്തിലെ ചെറുവീഴ്ചകളെ കരുത്താക്കി മുന്നോട്ടു പോകാനും കഴിയുന്ന രീതിയിൽ ഓരോ കുട്ടിക്കും ഏതെങ്കിലും ആയോധനകലയോ സ്പോർട്സോ ഗെയിംസോ അഭ്യസിക്കാനുള്ള അവസരം ഒരുക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.
ഇന്ത്യയുടെ ന്യൂക്ലിയർ യുഗത്തിനു തുടക്കം കുറിച്ച ഹോമി. ജെ. ഭാഭ പറഞ്ഞത് പ്രപഞ്ചത്തിനോടു മനുഷ്യനെ ഏറ്റവുമധികം അടുപ്പിക്കുന്നത് നൃത്തമാണെന്നാണ്. പ്രപഞ്ചസപ്ന്ദനവുമായി ഏറ്റവുമധികമടുപ്പം ഒരു മനുഷ്യനു പുലർത്താനാവുക സ്വന്തം ശരീരവും മനസ്സും പ്രപഞ്ചതാളവുമായി സമന്വയിക്കുന്ന അവസ്ഥയിലാണത്രേ. സ്വയമലിയുന്ന അത്തരമവസ്ഥയിലാണ് ഒരു മനുഷ്യന് തന്റെ തന്നെ ഏറ്റവും മെച്ചപ്പെട്ട 'പതിപ്പ് " പുറത്തിറക്കാൻ സാധിക്കുക. ഓരോ മനുഷ്യനും ഏറ്റവും മെച്ചപ്പെട്ട 'ഞാനാ"യാൽ മതി. മറ്റാരുമാകേണ്ടതില്ല. ഇത് ഓരോ മാതാപിതാക്കളും അദ്ധ്യാപകരും മനസ്സിലാക്കണം. എനിക്കറിയുന്ന, തന്റെ പരമാവധി കഴിവും അറിവും സ്വന്തം ജോലി നന്നായി ചെയ്യാനുപയോഗിക്കുന്ന ഒരാളുടെ കുട്ടിക്ക് ചെറിയ പഠനവൈകല്യമുണ്ട്. അദ്ധ്യാപകൻ അദ്ദേഹത്തെ വിളിച്ച് ഈ കുട്ടിയെ ഈ സ്കൂളിൽ നിന്നു മാറ്റണം, ഇത്തരം കുട്ടികളെ ഈ സ്കൂളിൽ പഠിപ്പിക്കാനാവില്ല എന്നു പറഞ്ഞു. ഇത്തരം സ്കൂളുകളും അദ്ധ്യാപകരും നമ്മുടെ സമൂഹത്തിന് ആവശ്യമുണ്ടോ?