
ലണ്ടൻ: ഇംഗ്ളണ്ടിലെ പ്രശസ്ത ഗായികയാണ് അഡെൽ. തന്റെ പാട്ടുകളിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച അഡെൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത് മറ്റൊരു കാര്യത്തിനാണ്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് തന്റെ 20 കിലോ തടി കുറച്ചാണ് ഈ 32കാരിയായ ഗായിക ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. യു.എസ് കോമഡി ഷോയായ നൈറ്റ് ലൈവിലെത്തിയപ്പോഴാണ് അഡെലിന്റെ പുതിയ രൂപം ആരാധകർ കണ്ടത്. അതിനുള്ള താരത്തിന്റെ മറുപടിയും ഏറെ രസകരമായിരുന്നു. 'കൊറോണ കാരണം എന്റെ ശരീരത്തിന്റെ പകുതി ഭാരമേ ഒപ്പം കൊണ്ടുവരാൻ കഴിഞ്ഞുള്ളൂ" എന്നായിരുന്നു അഡെലിന്റെ കമന്റ്. നൈറ്റ് ലൈവിൽ ആതിഥേയയായും ഗായികയായും ഒരുമിച്ചെത്തിയും താരം പ്രേക്ഷകരെ കൈയിലെടുത്തു. അടുത്തിടെ തന്റെ പിറന്നാളാഘോഷവുമായി ബന്ധപ്പെട്ട് പുതിയ ചിത്രമിട്ടും താരം സോഷ്യൽ മീഡിയയിൽ ട്രെൻഡിയായി. 'നിരവധി ഹൃദയം തകർക്കുന്ന അനുഭവങ്ങൾക്കു ശേഷമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. ആദ്യം 19-ാം വയസിലായിരുന്നു അത്. പിന്നെ ഞാൻ അൽപം കൂടി പ്രശസ്തയായ 21-ാം വയസിൽ, പിന്നീട് കൂടുതൽ പ്രശസ്തയായ 25-ാം വയസിൽ.' അഡെൽ തന്റെ ജീവിതത്തെക്കുറിക്കുന്ന വാക്കുകളാണിത്.
ടിവി ഷോയിലെത്തിയതോടെ അഡെൽ എങ്ങനെ ഭാരം കുറച്ചുവെന്ന ചോദ്യമാണ് ഏറ്റവും കൂടുതൽ ഉയരുന്നത്. തന്റെ വെയിറ്റ് ലോസ് രഹസ്യം മറ്റുള്ളവരുമായി താരം തന്നെ പങ്കുവച്ചു. പ്രോട്ടീൻ ഭക്ഷണത്തിന് പ്രാധാന്യം നൽകുന്ന സിർ ഡയറ്റിലൂടെയാണ് അഡെൽ തന്റെ 20 കിലോ ഭാരം കുറച്ചത്. സ്ട്രോബെറി, ബ്ളൂബെറി, റെഡ് വൈൻ, ഡാർക് ചോക്ളേറ്റ്, ഗ്രീൻ ടീ, സവാള, ലീഫ് കാബേജ്, വാൽനട്ട്, മഞ്ഞൾ, ബക് വീറ്റ് (പഞ്ചസാര അടങ്ങാത്ത ധാന്യം) സിട്രസ് അടങ്ങിയ പഴങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണ രീതി പിന്തുടരുന്ന ഡയറ്റ് രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടം ജ്യൂസുകൾക്ക് പ്രാധാന്യം നൽകിയുള്ള ഏഴു ദിവസത്തെ ഘട്ടവും രണ്ടാമത്തേത് പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതലടങ്ങിയ ഡയറ്റും. തടി കുറയ്ക്കുന്ന ആൾക്ക് ക്ഷീണമുണ്ടാകില്ല, പെട്ടന്ന് തൊലി ചുളിയില്ല, എനർജി ലെവൽ വർദ്ധിക്കുന്നു എന്നിവയാണ് ഈ ഡയറ്റിന്റെ ഗുണങ്ങൾ.