km-shaji

കോഴിക്കോട്: കെ എം ഷാജി എം എൽ എയുടെ കോഴിക്കോട് മാലൂർകുന്നിലെ വീട് 1.60 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോർപറേഷൻ വ്യക്തമാക്കി. വീടിന്റെ ചില ഭാഗങ്ങൾ അനധികൃതമായി നിർമ്മിച്ചതാണ്. അനുവദിച്ചതിലും അധികം സ്ഥലത്ത് വീട് നിർമ്മിച്ചുവെന്നും കോർപറേഷൻ കണ്ടെത്തി. വീടിന്റെ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റിന് (ഇ.ഡി)കൈമാറി.

അഴീക്കോട് ഹൈസ്‌ക്കൂളിൽ ഹയർസെക്കന്ററി അനുവദിക്കാൻ എന്ന പേരിൽ 25 കോടിരൂപ കൈക്കൂലി വാങ്ങി എന്ന് സിപിഎം നേതാവ് കുടുവൻ പദ്മനാഭന്റെ പരാതിയിൽ ഷാജിക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. തുടർന്ന് സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ എത്തിയ ഇ.ഡി കോർപറേഷനോട് ആവശ്യപ്പെട്ട പ്രകാരമാണ് കെ.എം ഷാജിയുടെ വീട് അളന്നത്. വീട് നിർമ്മിക്കാൻ അനുമതി വാങ്ങിയത് 3200 ചതുരശ്രയടിക്കാണെങ്കിലും 5500 അടിയോളമുണ്ടായിരുന്നു വീട് എന്ന് കോർപറേഷൻ കണ്ടെത്തി. മൂന്ന് നിലയുള‌ള വീടിന്റെ മൂന്നാം നില പൂർണമായും ഒന്നാം നിലയിൽ ചില ഭാഗത്തും അനധികൃത നിർമ്മാണമാണെന്നുമുള‌ള രേഖ ഇ.ഡി ഓഫീസിലെത്തി കോർപറേഷൻ പ്ളാനിംഗ് വിഭാഗം ഉദ്യോഗസ്ഥൻ എ.എം ജയൻ കൈമാറി.