
ചെന്നൈ: അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന നടി ഖുശ്ബുവിനെ ചെങ്കൽപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി സ്ത്രീകളെ തരംതാഴ്ത്തുന്നതാണെന്ന വി.സി.കെ നേതാവും എം.പിയുമായ തോൾ തിരുമാവളവന്റെ പരാമർശനത്തിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ചിദംബരത്ത് നടന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്തതിനാണിത്.
കൊവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പ്രതിഷേധത്തിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇത് വകവയ്ക്കാതെ സമരത്തിൽ പങ്കെടുക്കുന്നതിനായി ചിദംബരത്തേക്ക് പുറപ്പെട്ട ഖുശ്ബുവിനെയും പ്രവർത്തകരെയും മുട്ടുക്കാട് വച്ച് തടഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്ത്രീകളുടെ അഭിമാനം കാക്കാൻ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വീറ്റ് ചെയ്തു. പൊലീസ് വാനിൽ അനുയായികൾക്കൊപ്പം ഇരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു ഇത്. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയിൽ സഞ്ചരിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞ ഖുശ്ബു അതിക്രമങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും വ്യക്തമാക്കി.
മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വി.സി.കെ പ്രതിഷേധിച്ചിരുന്നു.
സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവളവന്റെ പ്രസംഗം.
ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ പരാതിയിൽ തിരുമാവളവനെതിരെ കേസെടുത്തിരുന്നു.