
കാബൂൾ: പെഷവാറിലെ മദ്രസയിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു. അദ്ധ്യാപകരുൾപ്പെടെ 50ലധികം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം രാവിലെ 8.30നായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും 20നും 30നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഖുർ ആനുമായി ബന്ധപ്പെട്ട ക്ളാസും സെമിനാറും നടക്കുകയായിരുന്നു. അറുപതോളം പേരാണ് ഇതിൽ പങ്കെടുക്കാനെത്തിയത്. ഇതിനിടയിലാണ് സ്ഫോടനമുണ്ടായത്. ഒരാൾ ബാഗുമായി മദ്രസയ്ക്കുള്ളിലേക്ക് പ്രവേശിച്ച ഉടൻ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പരിക്കേറ്റവരിൽ നാലോളം കുട്ടികളുമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പെഷവാറിന്റെ ഉത്തരമേഖലാ അതിർത്തിയിൽ താലിബാൻ- അഫ്ഗാൻ സംഘർഷം കാരണം സ്ഥിരം ആക്രമണ മേഖലയായി മാറിയിട്ടുണ്ടെന്നാണ് പ്രദേശത്തെ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.