
അല്പം മാത്രം പച്ച പൊട്ടി മുളയ്ക്കുന്നൊരു കൊമ്പിൽ
വൻകാടൊരുങ്ങുന്ന മുൻ കാഴ്ച കണ്ടു 
പാടുന്നു  പക്ഷിയൊ-
ന്നകത്തെത്ര കുറുകിയും നീട്ടിയും തന്തി മുറുക്കിയും
പുറത്തേയ്ക്കു പരന്നതിൻ പൂർണമാനന്ദമത്ഭുതം
ചില്ല ചുറ്റും  കൊടുങ്കാറ്റ്  പേടി ചൂടിച്ചുയർത്തുമ്പോ
ളുടൽ  പാറിയുലഞ്ഞിട്ടുമുണർവ്വായ് പ്രസരിച്ചവൾ
മരണത്തിൻ തണുപ്പാർന്ന മനസിൽ തിരി വച്ചവൾ
കേട്ടു ഞാനവളെ മഞ്ഞു  മരവിപ്പിച്ചയിടങ്ങളിൽ
അറിയാക്കടൽ കടക്കുവാൻ 
കപ്പലേതെന്ന യാത്രയിൽ
കൊടും പട്ടിണിയ്ക്കിടയിലുമെടുത്തീലൊന്നുമെന്നിലെ
കൊളുത്താൻ മാത്രമറിയുന്ന സ്വയം കത്തുന്ന നാളമേ...