
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആറു ദിവസം മാത്രം ശേഷിക്കേ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ വിജയിക്കുമെന്ന പ്രവചനവുമായി പോളിംഗ് ഗുരു ഡേവ് വാസർമാൻ. 2016ൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേൽക്കുമെന്ന് പ്രവചിച്ചയാളാണ് വാസർമാൻ. അതുകൊണ്ടു തന്നെ പോളിംഗ് ഗുരുവിന്റെ വാക്കുകൾക്ക് വൻ പ്രചാരമാണ് യു.എസിൽ ലഭിക്കുന്നത്. 2016ലെ വിജയം ആവർത്തിക്കാൻ ട്രംപിന് കഴിയില്ലെന്നും വാസർമാൻ പറയുന്നു.വിസ്കോൻസിൻ, പെൻസിൽവാനിയ, മിഷിഗൺ, നോർത്ത് കരോലിന, ഫ്ളോറിഡ, അരിസോണ തുടങ്ങിയ സ്റ്റേറ്റുകൾ ഇക്കുറി തിരഞ്ഞെടുപ്പിൽ നിർണായക ശക്തികളാകുമെന്നും വാസർമാൻ പറയുന്നു. ഇക്കഴിഞ്ഞ സെപ്തംബറിൽ തന്നെ വാസർമാൻ ബൈഡന്റെ സാദ്ധ്യത പ്രവചിച്ചിരുന്നു. അന്ന് ബൈഡന്റെ ജനസമ്മിതി വളരെ താഴെയായിരുന്നു. എന്നാൽ, അത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 10ന് മുകളിലാകുമെന്നും വാസർമാൻ പറഞ്ഞിരുന്നു. കൊവിഡ് പ്രതിരോധത്തിൽ വന്ന പാളിച്ചയായിരുന്നു ട്രംപിനെതിരെ ഡെമോക്രാറ്റിക്കുകളുടെ പ്രധാന പ്രചാരണ ആയുധം. 2016ലും സർവേയിൽ ട്രംപ് പിന്നിലായിരുന്നെങ്കിലും ശക്തയായ സ്ഥാനാർത്ഥി ഹിലരി ക്ളിന്റനെ തോൽപ്പിച്ച് വൈറ്റ് ഹൗസിലെത്തിയിരുന്നു. അതുകൊണ്ട് ഇക്കുറിയും പ്രവചനങ്ങൾ കാറ്റിൽപ്പറക്കുമെന്നാണ് ട്രംപ് ആരാധകർ പറയുന്നത്.
തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കും
കൊവിഡ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇത്തവണ തപാൽ വോട്ടുകൾ കൂടിയതിനാൽ യു.എസ് പ്രസിഡന്റ് ഫലം വൈകിയേക്കുമെന്ന് റിപ്പോർട്ട്. തപാൽ വോട്ടിനു പുറമേ പോളിംഗ് ബൂത്തിലെത്തി നേരത്തേ വോട്ടു രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. തിരഞ്ഞെടുപ്പു തീയതിക്കു ശേഷമേ തപാൽ വോട്ടുകൾ എണ്ണാൻ പാടുള്ളൂവെന്നാണ് ചില സ്റ്റേറ്റുകളിലെ നിയമം.
തിരഞ്ഞെടുപ്പു ദിനത്തിന് ആറു ദിവസം മാത്രം ശേഷിക്കേ ഏകദേശം ആറു കോടി പേരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2016ൽ മുൻകൂർ വോട്ടർമാരുടെ എണ്ണം 5.8 കോടിയായിരുന്നെങ്കിൽ ഇത്തവണ അത് 24 കോടിയായി ഉയർന്നു.