
പത്തനംതിട്ട: ആറൻമുളയിൽ കൊവിഡ് രോഗിയായ പെൺകുട്ടിയെ ഡ്രൈവർ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കായംകുളം സ്വദേശി നൗഫൽ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് കണ്ടെത്തിയതായി പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച 560 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
അടൂർ ഡി.വൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം 46 ദിവസംകൊണ്ടാണ് അന്വേഷണം പൂർത്തീകരിച്ചത്. പട്ടികജാതി- വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സെപ്തംബർ അഞ്ചിനാണ് സംഭവം. രാത്രിയിൽ അടൂർ വടക്കടത്തുകാവിലെ ബന്ധുവീട്ടിൽ നിന്നാണ് പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കോഴഞ്ചേരിയിലെ ആശുപത്രിയിലിറക്കിയ ശേഷം പെൺകുട്ടിയെ ആറൻമുളയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ പന്തളത്തെ ആശുപത്രിക്ക് മുന്നിൽ ഇറക്കിവിട്ട് അടൂർ ജനറൽ ആശുപത്രി ജംഗ്ഷനിൽ ആംബുലൻസ് പാർക്ക് ചെയ്തു. അവശയായിരുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നൗഫലിനെ പിടികൂടി. ഇയാൾ റിമാൻഡിലാണ്.