
ഗുരുതരമായ രോഗങ്ങൾ, പ്രായം, അല്ലെങ്കിൽ പാരമ്പര്യമായ പ്രശ്‌നങ്ങൾ തുടങ്ങിയവയൊക്കെക്കൊണ്ട് ഒരാൾ രോഗബാധിതനാകാൻ സാധ്യതയില്ലായിരുന്നുവെങ്കിൽ, ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കുമായിരുന്നു. എന്നാൽ കൊവിഡ്19ന്റെ വരവ് ആളുകളുടെ മാനസികാവസ്ഥയിൽ മാറ്റം വരുത്തുന്ന സന്ദർഭമായിരിക്കുന്നു.
കൊവിഡ്19ൽ നിന്ന് ആരും മുക്തരല്ലാത്തതും ഉയർന്നു നിൽക്കുന്ന ആശുപത്രിച്ചെലവുകളും പെട്ടെന്നു രോഗ പ്രതിരോധകുത്തിവയ്പ് എത്താനിടയില്ലാത്തതും ആളുകളെ ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. തങ്ങളേയും കുടുംബത്തേയും ഉയരുന്ന ആശുപത്രിച്ചെലവുകളിൽനിന്നു സംരക്ഷിക്കുന്നതിൽ മതിയായ ആരോഗ്യ ഇൻഷുറൻസിനുള്ള പ്രാധാന്യം ആളുകൾ മനസിലാക്കിയിരിക്കുന്നു.
ഇത് കണക്കിലെടുത്തുകൊണ്ടും ആരോഗ്യ ഇൻഷുറൻസ് കവറേജ് ഇല്ലാത്ത എല്ലാവർക്കും അതു പ്രാപ്യമാക്കുന്നതു ലക്ഷ്യം വച്ചും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) കൊവിഡുമായി ബന്ധപ്പെടുത്തി, കൊറോണ കവച്, കൊറോണ രക്ഷക് എന്നിങ്ങനെ രണ്ടു ഹൃസ്വകാല പോളിസികൾ നിർബന്ധമാക്കിയിട്ടുണ്ട്. ഈ രണ്ടു പോളിസികളും 2020 ജൂലായ് 15 മുതൽ വിപണിയിൽ ലഭ്യമാണ്. കൊവിഡ് 19 പകർച്ചവ്യാധി അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുമ്പോഴാണ് ഈ രണ്ടു പോളിസികൾ പൂറത്തിറക്കിയത്. ഈ പോളിസികളെ ജനങ്ങൾ സഹർഷം സ്വാഗതം ചെയ്യുകയും ധാരാളമായി വാങ്ങുകയും ചെയ്തു. ഇൻഷുറൻസ് കമ്പനികൾ, 3.5, 6.5 അല്ലെങ്കിൽ 9.5 മാസക്കാലാവധിയിൽ ഈ ഹ്രസ്വകാല കൊവിഡ് കേന്ദ്രീകൃത പോളിസികൾ നൽകി എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.
ഈ പോളിസികൾ പുറത്തിറക്കി മൂന്നു മാസത്തിനുശേഷവും കോവിഡ്19 പകർച്ചവ്യാധിയുടെ ഭീഷണിക്കു കുറവൊന്നുമുണ്ടായിട്ടില്ല. ഓരോ ദിവസവും റിപ്പോർട്ടു ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം വളരെ ഉയർന്ന തലത്തിലാണ്. കൂടുതൽ ആളുകൾ ഈ പകർച്ചവ്യാധിയുടെ വാഹകരായി മാറുകയും ചെയ്യുന്നു. ആഗോള കോവിഡ് കേസുകളിൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് രണ്ടാമതായിട്ടാണ്. അത്രയ്ക്കു ഉയർന്ന തോതിലാണ് ഇന്ത്യയിൽ ഈ രോഗത്തിന്റെ വ്യാപനം.
ഇതെല്ലാം കണക്കിലെടുത്ത് ഇൻഷുറൻസ് റെഗുലേറ്ററായ ഐആർഡിഎഐ പുതിയൊരു മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതനുസരിച്ച് കൊറോണ കവച്, കൊറോണ രക്ഷക് തുടങ്ങിയ പോളിസികളുടെ പുതുക്കൽ, മറ്റു കമ്പനികളുടെ ഇത്തരം പോളിസികളിലേക്കുള്ള മാറൽ (പോർട്ടബിലിറ്റി), മെച്ചപ്പെട്ട പോളിസിയിലേക്കുള്ള മാറ്റം തുടങ്ങിയവയ്ക്ക് 2021 മാർച്ച് 31 വരെ സമയം നൽകണമെന്നു ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ നിർദ്ദേശിച്ചിരിക്കുകയാണ്. ഈ നിർദ്ദേശം പോളിസി ഉടമകൾക്ക് പൊതുവേ വലിയതോതിൽ ഗുണം ചെയ്യും.
പുതുക്കലിനുശേഷം കാത്തിരിപ്പ് കാലയളവ് ഇല്ല
പുതിയ മാർഗനിർദ്ദേശത്തിന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് പുതുക്കിയ കൊറോണ പോളിസികളിൽ കാത്തിരിപ്പ് ഉണ്ടാകില്ല എന്നതാണ്. കൊറോണ പോളിസികളുടെ കാലാവധി തീരുന്നതിനു മുമ്പ് അതു പുതുക്കുന്ന പോളിസി ഉടമയ്ക്ക് കോവിഡ് 19 രോഗനിർണയം നടത്തിയാൽ അപ്പോൾ തന്നെ ക്ലെയിം സമർപ്പിക്കാം. ഒരു കമ്പനിയിൽനിന്നു മറ്റൊരു കമ്പനിയുടെ പോളിസിലേയ്ക്കു പോർട്ടു ചെയ്താലും ഇത്തരത്തിൽ ക്ലെയിം നടത്താം. നിലവിലുള്ള പോളിസിയുടെ തുടർച്ചയായിട്ടാണ് പോർട്ട് ചെയ്ത പോളിസിയെ കണക്കാക്കുന്നത്.
കവറേജ് മെച്ചപ്പെടുത്തൽ
കൊവിഡ്19 ചികിത്സാച്ചെലവ് ഉയരുന്നു സാഹചര്യത്തിൽ, ഐആർഡിഎഐയുടെ പുതിയ മാർഗനിർദ്ദേശ പ്രകാരം പോളിസി ഉടമയ്ക്ക് പോളിസിയുടെ കാലാവധി, സം അഷ്വേഡ് തുക എന്നിവ വർധിപ്പിക്കുവാൻ സാധിക്കും. ഉദാഹരണത്തിന് ഒരാൾ ഒരു ലക്ഷം രൂപ കവറേജും 3.5 മാസം കാലാവധിയുമുള്ള പോളിസി എടുത്തുവെന്നു കരുതുക. അയാൾക്ക് തന്റെ പോളിസിയുടെ കാലാവധി 6.5 മാസത്തേക്കോ അല്ലെങ്കിൽ 9.5 മാസത്തേക്കോ ഉയർത്താനും കവറേജ് മൂന്നു ലക്ഷമോ അല്ലെങ്കിൽ അഞ്ചു ലക്ഷം രൂപയോ ആയി ഉയർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു ചെയ്യാൻ സാധിക്കും. അങ്ങനെ ആവശ്യമായ ചികിത്സയ്ക്ക് പരമാവധി കവറേജ് ഉറപ്പാക്കുവാൻ സാധിക്കുന്നു. എന്നാലിത് ഇൻഷുറൻസ് കമ്പനിയുടെ അണ്ടർറൈറ്റിംഗ് തീരുമാനത്തിനു വിധേയമായിരിക്കും.
സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള മാറ്റം
പ്രത്യേക കൊറോണ പോളിസികൾ വാങ്ങിയ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് അല്ലെങ്കിൽ നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും ആരോഗ്യ ഇൻഷുറൻസ് പോളിസിയിലേക്കു മാറാൻ കഴിയുമെന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശത്തിന്റെ ഒരു പ്രധാന നേട്ടം. കൊറോണ കവച്, കൊറോണ രക്ഷക് തുടങ്ങിയ പോളിസികൾ വാങ്ങിയ പോളിസി ഉടമകൾക്ക് കൂടുതൽ സമഗ്രമായ ആരോഗ്യ പോളിസിയിലേക്കു മാറാൻ ഈ സൗകര്യം പ്രോത്സാഹനം നൽകുന്നു. പോളിസി ഉടമയ്ക്കും കുടുംബാംഗങ്ങൾക്കും കൊവിഡ് 19ന് ശേഷവും ഏതൊരു തലത്തിലുമുള്ള ആശുപത്രി ചികിത്സയ്ക്കും സമഗ്ര ആരോഗ്യ പോളിസി കവറേജ് നൽകുന്നു. കൊവിഡിനെതിരേയുള്ള പ്രത്യേക പോളിസികളിൽനിന്നു മെച്ചപ്പെട്ട പോളിസികളിലേക്കു മാറാൻ ആഗ്രഹിക്കുന്നവർക്കു പരിഗണിക്കാവുന്ന നല്ലൊരു പോളിസിയാണ് ആരോഗ്യ സഞ്ജീവിനി, ഇത് ചെലവു കുറഞ്ഞതും അതേസമയം നിശ്ചിത നിലവാരത്തിലുള്ളതുമാണ്.
കാത്തിരിപ്പിന്റെ കാലയവ് കുറയുന്നു
സമഗ്ര ഇൻഷുറൻസ് പദ്ധതിയിലേക്കു മാറുന്ന സമയത്ത്, നിലവിലുള്ള രോഗങ്ങൾക്കു കവറേജ് ലഭിക്കാനുള്ള കാത്തിരിപ്പിന്റെ കാലയളവ് നേരത്തെയുണ്ടായിരുന്ന കൊറോണ പോളിസി വഴി കുറയ്ക്കുവാൻ കഴിയുന്നു. ഉദാഹരണത്തിന് ഒരാൾക്ക് 6.5 മാസക്കാലയളവിലുള്ള കൊറോണ കവച് പോളിസിയുണ്ടെന്നു കരുതുക. അയാൾ അതേ കമ്പനിയുടെയോ മറ്റൊരു കമ്പനിയുടെയോ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസിയിലേക്കു മാറാൻ തീരുമാനിക്കുന്നു. സമഗ്ര പോളിസിയിൽ നിലവിലുള്ള രോഗങ്ങൾക്ക് നാലുവർഷത്തെ വെയിറ്റിംഗ് പീരിയഡ് വേണമെന്നു കരുതുക. കൊറോണ കവച് പോളിസിയിൽനിന്നു മാറുമ്പോൾ ആറര മാസത്തെ കുറഞ്ഞ കാത്തിരിപ്പു മതിയാകും നിലവിലുള്ള രോഗങ്ങൾക്കു കവറേജ് ലഭിക്കുവാൻ. അതായത് സമഗ്ര ആരോഗ്യ പോളിസിയെ പുതിയ പോളിസിയായി കണക്കാക്കുന്നില്ല.
എല്ലാവർക്കുമായ മികച്ച നീക്കം
പകർച്ചവ്യാധി കുറച്ചുകാലം നീണ്ടുനിൽക്കുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, കൊറോണ കവചും കൊറോണ രക്ഷക് പോളിസികളുടെ പുതുക്കലിനായുള്ള സമീപകാലത്തെ മാർഗ്ഗനിർദ്ദേശം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള പൊതുജനങ്ങൾക്കും സഹായകരമാണ്. അതിനാൽ, ഐആർഡിഎഐയുടെ ഈ തീരുമാനം ഇടപാടുകാർക്ക് പല രീതിയിൽ പ്രയോജനപ്പെടുന്നു. മാത്രവുമല്ല അവർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്ക് മാറാനുള്ള അവസരവും സാധ്യമാക്കുന്നു. വലിയ തുക നൽകി നേരത്തെ ഇൻഷുറൻസ് കവറേജ് എടുക്കുവാൻ സാധിക്കാത്തവർക്ക്, ചികിത്സാച്ചെലവ് വർധിക്കുമെന്നും കൂടുതൽ പരിരക്ഷ വേണമെന്നും തോന്നലുണ്ടായാൽ സം അഷ്വേഡ് തുക വർധിപ്പിക്കുവാൻ പോലും സാധിക്കും.
യഥാർത്ഥത്തിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ താങ്ങാനാകുന്നതാണ്. പ്രത്യേകിച്ചും ചെറുപ്രായത്തിൽ വാങ്ങുകയാണെങ്കിൽ. ഇപ്പോൾ ആരോഗ്യ ഇൻഷുറൻസ് വാങ്ങുന്നതിന് കാര്യക്ഷമമായ ഓൺലൈൻ മാർഗങ്ങളുണ്ട്. മാത്രവുമല്ല, പല കമ്പനികളും പ്രീമിയം തവണകളായി അടയ്ക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ, ആരോഗ്യ ഇൻഷുറൻസ് പോളിസിയെ ആരും അവഗണിക്കരുത്. ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുവാൻ സാധിക്കുന്നവർ തീർച്ചയായും അതു ചെയ്യണം. കാരണം കൊറോണ വൈറസ് ഉൾപ്പെടെയുള്ള ഏത് തരത്തിലുള്ള ആശുപത്രിവാസ ചെലവുകളും ഈ പോളിസിയിലൂടെ കവർ ചെയ്യപ്പെടുന്നു.
ആരോഗ്യ ഇൻഷുറൻസിനായി ഇപ്പോൾ പണം ചെലവഴിക്കാൻ ബുദ്ധിമുട്ടുള്ള ഉപയോക്താക്കൾ തങ്ങളുടെ സുരക്ഷയ്ക്കായി കുറഞ്ഞത് കൊറോണ രക്ഷക്, കൊറോണ കവച് എന്നിവയെങ്കിലും എടുക്കണം. നിലവിലെ കോവിഡ് 19 പകർച്ചവ്യാധിയിൽനിന്നു സ്വയം രക്ഷനേടാൻ ഇതു സഹായിക്കുന്നു.
ആനന്ദ് റോയി
മാനേജിംഗ് ഡയറക്‌ടർ
സ്‌റ്റാർ ഹെൽത്ത് ആന്റ് അലൈ