
ബെർലിൻ: ലോകത്തെ കൊവിഡ് മരണങ്ങളിൽ 15 ശതമാനം സംഭവിച്ചത് ദീർഘകാലമായുള്ള വായു മലിനീകരണത്തിന്റെ കൂടി ഫലമാണെന്ന് പഠന റിപ്പോർട്ട്. ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിസ്ട്രിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കാർഡിയോ വാസ്കുലർ റിസർച്ച് എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പല കാലങ്ങളായുള്ള വായു മലിനീകരണം പൊതുജനങ്ങളുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. കൊവിഡ് കൂടി പിടിപെട്ടതോടെ ശ്വാസകോശ രോഗം വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിസർച്ച് സൂചിപ്പിക്കുന്നത്.
വാതക - മനുഷ്യ നിർമ്മിത മലിനീകരണങ്ങളും ഇക്കൂട്ടത്തിൽപ്പെടുമെന്നാണ് ഗവേഷകർ പറയുന്നത്. ലോകത്താകമാനമുള്ള കൊവിഡ് മരണങ്ങളിൽ നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ആരോഗ്യവാനായ ഒരാൾക്ക് കൊവിഡും പരിസ്ഥിതി മലിനീകരണവും മരണ കാരണമാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, മറ്റൊരു രോഗമുള്ളവർക്ക് ഇവ രണ്ടും പിടിപെടുമ്പോൾ മരണം സംഭവിക്കുന്നു. പരിസ്ഥിതി മലീനീകരണത്തെ സംബന്ധിച്ച് 2003ൽ പുറത്തിറങ്ങിയ സാർസ് പഠന റിപ്പോർട്ടുകളും ഇറ്റലിയിലെ നിലവിലെ അവസ്ഥയും കൂടി ഇവർ പഠന വിഷയമാക്കിയിട്ടുണ്ട്. ചൈനയിലെയും യു.എസിലെയും വായു മലിനീകരണത്തെക്കുറിച്ചാണ് സാർസ് പഠന റിപ്പോർട്ടുകളുള്ളത്. നിശ്ചിത അകലത്തിൽ (ഡയമീറ്റർ) 2.5 മൈക്രോൺ മലിനീകരണ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.
2020 ജൂൺ മൂന്നാം വാരം മുതലുള്ള വായു മലിനീകരണ കണക്കുകളാണ് പഠന റിപ്പോർട്ടിനായി ഉപയോഗിച്ചിരിക്കുന്നത്.
ചെക്ക് റിപ്പബ്ളിക്കിലെ മരണനിരക്കിന്റെ 29 ശതമാനവും ചൈനയിലെ 27 ശതമാനവും ജർമനിയിൽ 26 ശതമാനവും സ്വിറ്റ്സർലാൻഡിൽ 22ഉം ബെൽജിയത്തിൽ 21 ശതമാനവും വായു മലിനീകരണം കാരണമാണ് കൊവിഡ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
യു.കെയിലെ 44,000 കൊവിഡ് മരണങ്ങളിൽ 14 ശതമാനം അതായത് 6100 ഉം വായുമലിനീകരണത്തിന്റെ ഇരകളാണ്. അമേരിക്കയിലെത്തുമ്പോൾ ഈ കണക്ക് 18 ശതമാനമാകുന്നുവെന്നും മാക്‌സ് പ്ളാങ്കിലെ പ്രൊഫസറായ തോമസ് മൻസെൽ പറയുന്നു.
കൊവിഡ് കണക്ക്
 ലോകത്തെ ആകെ രോഗികൾ: 4,38, 79, 687
 ആകെ മരണം: 11,66,174
രാജ്യം, രോഗികൾ, മരണം
 അമേരിക്ക: 8,964,331- 231,129
 ഇന്ത്യ: 7,946,429 - 119,535
 ബ്രസീൽ: 5,411,550 - 157,451
 റഷ്യ: 1,547,774 - 26,589
 ഫ്രാൻസ്: 1,165,278 - 35,018