
വാളയാർ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. 54 ദിവസത്തിനിടെ ഒമ്പതും പതിമൂന്നും വയസ് മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങൾ പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ട് മൂന്ന് വർഷമായെന്നും നീതിയ്ക്ക് വേണ്ടി കുട്ടികളുടെ മാതാപിതാക്കൾക്ക് തെരുവിലിറങ്ങേണ്ടി വന്നെന്നും തന്റെ കുറിപ്പിലൂടെ ശോഭ സുരേന്ദ്രൻ പറയുന്നു. പ്രതികളെ സഹായിച്ച പൊലീസുദ്യോഗസ്ഥന് സർക്കാർ ഐ.പി.എസ് നൽകിയെന്നും പ്രതിഭാഗം വക്കീലിന് കുറച്ചു കാലത്തേക്ക് ശിശുക്ഷേമ കമ്മിറ്റിയുടെ തലപ്പത്തിരുത്തിയെന്നും ശോഭ സുരേന്ദ്രൻ തന്റെ ഫേസബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
 ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
' 54 ദിവസത്തിനിടയിൽ ഒൻപതും പതിമൂന്നും വയസ് മാത്രമുള്ള സ്വന്തം പിഞ്ചുകുഞ്ഞുങ്ങളെ വീട്ടിൽ കയറി ഒരു കൂട്ടം ആളുകൾ ലൈംഗീകമായി പീഡിപ്പിച്ച് കൊന്നിട്ട് മൂന്ന് വർഷമായി. നീതിക്ക് വേണ്ടി ആ മാതാപിതാക്കൾക്ക് തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. പ്രതികളെ സഹായിച്ച പോലീസ് ഏമാന് ഐ.പി.എസ് കൊടുത്ത് ആദരിച്ചു ഈ സർക്കാർ.
പ്രതിഭാഗം വക്കീലിന് കുറച്ച് കാലത്തേക്കെങ്കിലും ശിശു ക്ഷേമ കമ്മറ്റിയുടെ തലപ്പത്ത് സ്ഥാനരോഹണം. പ്രതികളെ അർദ്ധരാത്രിയിൽ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിളിച്ചിറക്കിയത് 'അരിവാൾ പാർട്ടിക്കാരാണ്' എന്ന് ആ അമ്മ എത്രയോ തവണ പറഞു കഴിഞ്ഞു. എന്നിട്ടും വേണ്ട രീതിയിൽ അന്വേഷണം നടത്താതെ പ്രതികളെ ജാമ്യത്തിലിറങ്ങാൻ നിങ്ങൾ സഹായിച്ചില്ലേ ?
വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണം. കണ്ണിൽ ചോരയില്ലാത്ത ഭരണാധികാരിക്ക് ഇരട്ടചങ്കല്ല ഉരുക്ക് ചങ്കാണെങ്കിലും ഈ മാതാപിതാക്കളുടെ കണ്ണീരിന് മുന്നിൽ നിങ്ങളുടെ മുട്ടിടിയ്ക്കും മിസ്റ്റർ പിണറായി. നീതി ലഭിക്കും വരെ ഈ പോരാട്ടം തുടരുക തന്നെ ചെയ്യും. ഈ മാതാപിതാക്കളോടൊപ്പം കേരളത്തിന്റെ പൊതുമനസാക്ഷി മുഴുവനും ആ സമരപന്തലിൽ കൂടെയുണ്ടാകും. '