
ചിക്കാഗോ: സൗന്ദര്യ സംരക്ഷണ പരീക്ഷണങ്ങൾ ഒരുപാട് നാം കണ്ടിട്ടുണ്ട്. പല തരത്തിൽ അമ്പരപ്പിക്കുന്ന വീഡിയോകൾ ഈ ലോക്ഡൗൺ കാലത്തും യു ട്യൂബുകളിൽ സജീവമായി. അങ്ങ് ചിക്കാഗോയിലെ മോഡൽ നടത്തിയ പരീക്ഷണവും അനന്തര ഫലവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മോഡലും ബ്യൂട്ടി ബ്ളോഗറുമായ ബ്രിയാന ക്രിസ്റ്റ്യാൻസണാണ് കെമിക്കൽ ലിപ്സ്റ്റിക്കിന് പകരം പ്രകൃതിദത്ത ലിപ്സ്റ്റിക്കുമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. കക്ഷി ചുണ്ടത്തിടാൻ ഉപയോഗിച്ചത് മെഹന്ദിയാണ് (മൈലാഞ്ചി). മെഹന്ദി കോണിൽ നിന്ന് മൈലാഞ്ചിയെടുത്ത് ചുണ്ടത്ത് പുരട്ടി. ഉണങ്ങി കഴിഞ്ഞ ശേഷം അത് അടർത്തി മാറ്റി. നല്ല ചുവന്ന നിറമുള്ള ചുണ്ട് വീഡിയോയിൽ പ്രേക്ഷകരെ കാണിക്കുകയും ചെയ്തു. എന്നാൽ, ബ്രിയാനോ പ്രതീക്ഷിച്ച പോലെ അഭിനന്ദനം ലഭിച്ചില്ലെന്നു മാത്രമല്ല കടുത്ത വിമർശനവും വന്നു. കെമിക്കലുകൾ ചേർത്തുണ്ടാക്കുന്ന മെഹന്ദി കോൺ മുഖത്തോ ചുണ്ടിലോ പുരട്ടരുത്. അത് തലയിലും കൈയിലും മാത്രം ഉപയോഗിക്കാൻ ഉള്ളതാണ് എന്നായിരുന്നു ബ്രിയാനോയ്ക്ക് ലഭിച്ച മറുപടികളിൽ ഏറെയും. അലർജിയുണ്ടാകുമെന്നും ചിലർ മുന്നറിയിപ്പ് നൽകി.
രണ്ടു മൂന്നു ദിവസം കഴിഞ്ഞതോടെ ബ്രിയാനോ പുതിയ വീഡിയോയുമായി എത്തി. ചുണ്ടിലിട്ട മൈലാഞ്ചി നിറം മാഞ്ഞു പോയെന്നും കോണിൽ ഹാനീകരമായ മെമിക്കൽ ചേരുവ അടിഞ്ഞു കൂടിയെന്നും ബ്രിയാനോ പറഞ്ഞു. അലർജിക്ക് കാരണമാകുന്ന മെഹന്ദി ആരും ഇത്തരത്തിൽ ചുണ്ടിൽ പുരട്ടരുതെന്ന ഉപദേശവും അവർ നൽകുന്നുണ്ട്. ബ്രിയാനോയുടെ ബ്യൂട്ടീ ടിപ്സിന് സോഷ്യൽ മീഡിയയിൽ വൻ ആരാധകവൃന്ദമുണ്ട്.