
ആഗ്ര: ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ശിവക്ഷേത്രമായിരുന്നു എന്ന അവകാശവാദവുമായി തീവ്ര വലതുപക്ഷ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച്. ഇതിനാൽ താജ്മഹൽ ഹിന്ദുക്കൾക്ക് കൈമാറണമെന്നും ജാഗരൺ മഞ്ച് ആവശ്യപ്പെട്ടു. കാവിക്കൊടിയുമായി താജ് മഹലിനുള്ളിൽ പ്രവേശിച്ചാണ് ഹിന്ദു ജാഗരൺ മഞ്ച് പ്രതിഷേധമുയർത്തിയത്.
ഹിന്ദു ജാഗരൺ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താജ്മഹലിനുള്ളിൽ പ്രവേശിച്ച് ശിവ സ്തുതികൾ പാടുകയും കാവിക്കൊടി വീശുകയും ചെയ്തത്. താജ്മഹൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഠാക്കൂർ പറഞ്ഞു. അത് വരെ സമരം തുടരുമെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.
താജ് മഹൽ പണികഴിപ്പിച്ചത് മുസ്ലീങ്ങൾ അല്ലെന്നും. താജ് മഹൽ എന്ന് വിളിക്കപ്പെടുന്ന പാലസ് ജയസിംഹ രാജാവിൽ നിന്ന് താൻ വാങ്ങിയതാണെന്ന് ഷാജഹാൻ ആത്മകഥയിൽ എഴുതിയിട്ടുണ്ടെന്നും നേരത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഹിന്ദുക്കൾ ഉറക്കം നടിച്ചാൽ ഭൂരിഭാഗം വീടുകളും മസ്ജിദുകളായി നാമകരണം ചെയ്യപ്പെടുമെന്നും അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു..