tr

വാഷിംഗ്ടൺ: 2016ൽ ഡൊണാൾഡ് ട‌്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റപ്പോൾ ട്രംപിനൊപ്പം ശ്രദ്ധ നേടിയ മറ്റൊരു വസ്തുവാണ് അദ്ദേഹത്തിന്റെ ഹെലികോപ്ടർ. 1989 സികോർസ്കി എസ് 76 ബി ഹെലികോപ്ടറിന്റെ പ്രത്യേകത തന്നെ അതിൽ വരച്ചു ചേർത്തിരിക്കുന്ന സ്വർണ നൂലിഴകളാണ്. ആഫ്രിക്കൻ മഹാഗണിയിൽ തീർത്ത ഹെലികോപ്ടറിന് അന്ന് ചെലവായത് 28 ലക്ഷം യു.എസ് ഡോളറാണ് ( 6,44,59,368 രൂപ). ഈ വിമാനം 2,800,000 ഡോളറിന് ( 20,62,69,980 രൂപ) വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ തുടർന്ന് ട്രംപിനുണ്ടായ സാമ്പത്തിക ബാദ്ധ്യത കാരണമാണ് ഹെലികോപ്ടർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതെന്നാണ് സി.എൻ.ബി.സി പുറത്തുവിട്ട റിപ്പോർട്ട്. ചാനലിന്റെ സീക്രട്ട് ലൈഫ്സ് ഒഫ് സൂപ്പർ റിച്ച് എന്ന പരിപാടിയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. 6,259 മണിക്കൂർ പറന്ന വിമാനം വിൽപ്പനയ്ക്കെത്തിയപ്പോൾ വാലറ്റത്ത് എഴുതിയിരുന്ന 'ട്രംപ് " എന്ന പേര് കാണാനില്ലെന്നും പരിപാടിയിൽ പറയുന്നു. എന്നാൽ, വൈറ്റ് ഹൗസോ ട്രംപിന്റെ വക്താവോ വാർത്തയ്ക്കെതിരെ പ്രതികരിച്ചിട്ടില്ല.