gun

ഹോസ്റ്റൺ: തോക്കെടുത്ത് കളിച്ച മൂന്നു വയസുകാരൻ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ടെക്സാസിൽ ശനിയാഴ്ച വൈകിട്ട് കുഞ്ഞിന്റെ ജന്മദിനാഘോഷ ചടങ്ങിനിടെയാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കൾ ഉൾപ്പെടെ തൊട്ടടുത്ത് പാർട്ടിയിൽ ഏർപ്പെട്ടിരിക്കെ സമീപത്തെ മുറിയിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു. ഓടിയെത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റു കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. പാർട്ടിക്കു വന്ന ബന്ധുവിന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ താഴെ വീണ തോക്കെടുത്ത് കുഞ്ഞ് കളിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. യു.എസിൽ ഈ വർഷം 229 കുട്ടികൾക്കാണ് ഇത്തരത്തിൽ അബദ്ധത്തിൽ വെടിയേറ്റത്. അതിൽ 97 കുട്ടികൾ മരിച്ചുപോയി. യു.എസിൽ മുതിർന്നവരിൽ മൂന്നിലൊന്നു ഭാഗവും സ്വന്തമായി തോക്കുള്ളവരാണ്. ഇവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനാൽ പൊലിയുന്നത് കുഞ്ഞുങ്ങളുടെ ജീവനാണെന്നു മാത്രം. തോക്ക് കൈവശം വയ്ക്കുന്നതിന് കർശന നിബന്ധനകൾ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.