jammu-kashmir

ന്യൂഡൽഹി: രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങാം. ഇത് സംബന്ധിച്ച് കേന്ദ്രം പുതിയ നിയമം കൊണ്ട് വന്നു. ഇത് പ്രകാരം ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങുന്നതിന് റസിഡന്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ കൃഷി ഭൂമി കർഷകർക്ക് മാത്രമെ വാങ്ങാനാകു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജമ്മു കാശ്‌മീരിന്റെ പ്രത്യേക അവകാശങ്ങൾ തിരികെ നൽകണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യൻ പതാക ഉയർത്തില്ലെന്നും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.

ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ അസാധുവാക്കി ഒരു വർഷത്തിനുശേഷമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്രഭരണ പ്രദേശത്ത് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ജമ്മു കാശ്മീർ വികസന നിയമത്തിലെ സെക്ഷൻ 17 ൽ നിന്ന് "സംസ്ഥാനത്തിന്റെ സ്ഥിര താമസക്കാരൻ" എന്ന വാക്യം ഒഴിവാക്കിയാണ് കേന്ദ്രം പുതിയ ഭേദഗതി വരുത്തിയത്.

ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35-എ എന്നിവ റദ്ദാക്കുന്നതിനുമുമ്പ് ജമ്മു കാശ്മീരിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങാൻ ഇതരസംസ്ഥാനക്കാർക്ക് സാധിക്കില്ലായിരുന്നു. എന്നാൽ നിയമത്തിൽ ഭേദഗതിവരുത്തിയതോടെ ആർക്കും ഇപ്പോൾ ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങാവുന്നതാണ്. കാർഷിക ഭൂമി കർഷകർ അല്ലാത്തവർക്ക് കൈമാറാൻ ഭേദഗതി അനുവദിച്ചിട്ടില്ലെന്നും ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മാദ്ധ്യമങ്ങളോട് പറഞ്ഞു.