
വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെ നടൻ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവ് മാപ്പപേക്ഷയുമായി രംഗത്ത്. ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ' 800 ' എന്ന ചിത്രത്തിൽ നിന്നും പിന്മാറിയതിന് പിന്നാലെയാണ് വിജയ് സേതുപതിയ്ക്ക് നേരെ ഭീഷണി.
ഒരു തമിഴ് ചാനലിന്റെ ഇ മെയിലിലേക്ക് ക്ഷമ ചോദിച്ച് കൊണ്ട് ഇയാൾ വീഡിയോ സന്ദേശം അയക്കുകയായിരുന്നു. ശ്രീലങ്കൻ സ്വദേശിയായ ഇയാളെ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ക്ഷമാപണവുമായി യുവാവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
താനിത് വരെ ആർക്കു നേരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും കൊവിഡിനെ തുടർന്ന് ജോലി പോയതിന്റെ സങ്കടത്തിലിരിക്കുന്നതിനിടെ ദേഷ്യത്തിൽ സംഭവിച്ച് പോയതാണെന്നും വീഡിയോയിൽ ഇയാൾ പറയുന്നു.
വീഡിയോയിൽ ഇയാളുടെ മുഖം മറച്ച നിലയിലാണ്. തനിക്കൊരു കുടുംബം ഉണ്ടെന്നും അവരുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ് മുഖം വ്യക്തമാക്കാത്തതെന്നും യുവാവ് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം ട്വീറ്റുകൾ ഇനി ആവർത്തിക്കില്ലെന്ന് പറഞ്ഞ യുവാവ് വിജയ് സേതുപതിയോടും ഭാര്യയോടും മകളോടും എല്ലാവരോടും ക്ഷമ ചോദിക്കുകയും തന്നെ ഒരു സഹോദരനായി കണ്ട് മാപ്പ് നൽകണമെന്നും പറയുന്നുണ്ട്.