
ന്യൂഡൽഹി: രാഷ്ട്രീയ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂല നിലപാടെടുത്തെന്ന ആരോപണത്തിന് പിന്നാലെ ഫേസ്ബുക്ക് ഇന്ത്യ എക്സിക്ക്യൂട്ടീവ് അംഖി ദാസ് രാജിവച്ചു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല അംഖി ദാസിന്റെ പിൻമാറ്റമെന്നും ഫേസ്ബുക്ക് പ്രതികരിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ബി.ജെ.പിയോട് ഫേസബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനം പുറത്തുവന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടർന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണ് ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണ - മദ്ധ്യേഷ്യന്‍ വിഭാഗത്തിലെ പബ്ലിക് പോളിസി ഡയറക്ടർ സ്ഥാനം അംഖി ദാസ് ഒഴിയുന്നത്.
 
ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് വേദികളിൽ ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ ദൃശ്യങ്ങൾ നീക്കം ചെയ്യരുതെന്ന് അംഖി ദാസ് ജീവനക്കാർക്ക് നിർദേശം നൽകുകയും ഇതിനായി ഇവരെ സമ്മര്‍ദ്ദത്തിലാക്കിയെന്നുമാണ് വാള്‍സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഫേസ്ബുക്ക് നിലപാടിനെതിരെ രംഗതത്ത് വന്നിരുന്നു. കേന്ദ്ര സർക്കാരും ഫേസ്ബുക്ക് ഇന്ത്യയും തമ്മിലുള്ള അവിഹിത ഇടപെടലാണിതെന്നും കോൺഗ്രസ് ആരോപിച്ചു. നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള ഇടം ഉറപ്പ് നല്‍കുകയാണ് തങ്ങളെന്നും ഏകപക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും പിന്നാലെ ഫേസ്ബുക്ക് പ്രതികരിച്ചിരുന്നു.
.