
ബ്യൂണോസ് ഐറസ്: ചാനലിൽ ലൈവ് കൊടുക്കുകയെന്നത് ചാനൽ റിപ്പോർട്ടർമാരെ സംബന്ധിച്ച് ഗൗരവതരമേറിയ ജോലിയാണ്. അതിനിടെ മൊബൈൽ ഫോൺ മോഷണം പോയാലോ.. പിന്നത്തെ കാര്യം പറയുകയും വേണ്ട. അത്തരത്തിലൊരു അക്കിടി സംഭവിച്ചിരിക്കുകയാണ് അർജന്റീനയിലെ സരാൻഡി നഗരത്തിൽ. എൻ വിവോ എൽ ന്യൂവ് ചാനലിന്റെ റിപ്പോർട്ടർ ഡിയാഗോ ഡെമാർക്കോയുടെ മൊബൈൽ ഫോണാണ് കള്ളൻ തട്ടിപ്പറിച്ചോണ്ട് ഓടിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.കാമറയ്ക്ക് മുന്നിൽ പൊസിഷൻ ശരിയാക്കി ലൈവ് തയാറായി നിൽക്കവേയാണ് അപ്രതീക്ഷിതമായി എത്തിയ മോഷ്ടാവ് ഡെമാർകോയുടെ മൊബൈൽ തട്ടിപ്പറിച്ച് ഓടുന്നത്.
റിപ്പോർട്ടിനായി നിന്നതിനടുത്തുള്ള വഴിയിലൂടെ ഇയാൾ ഓടി മറയുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ ഡെമാർക്കോ അത് എന്റെ ഫോണാണ്. എനിക്ക് തരൂ എന്ന് വിളിച്ച് പറയുന്നതും കേൾക്കാം. തൊട്ടടുത്തുണ്ടായിരുന്നവർ മോഷ്ടാവിനു പിന്നാലെ ഓടിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവം ചാനൽ പുറത്തുവിട്ടു. വീഡിയോ സോഷ്യൽ മീഡിയയിലെത്തിയതോടെ നാട്ടുകാർ തന്നെ കള്ളനെ പിടികൂടി ഫോൺ തിരികെ ഉടമസ്ഥനെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ റിപ്പോർട്ടറോട് മാപ്പു പറയുകയും ചെയ്തു. നാട്ടുകാർക്ക് ഡെമാർക്കോ നന്ദിയും രേഖപ്പെടുത്തി. പ്രദേശവാസികളുടെ ഐക്യമാണ് തനിക്ക് ഫോൺ തിരികെ കിട്ടാൻ കാരണമെന്നാണ് ഡെമാർക്കോ പറയുന്നത്.