
ക്രിസ്റ്രഫർ ഹെൻട്രി ഗെയ്ലിന്റെ വരവിന് മുൻപും ശേഷവും എന്നിങ്ങനെ രണ്ടായി തിരിക്കാം ഇത്തവണത്തൈ ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പ്രകടനത്തെ...
ഗെയ്ൽ കളിക്കാത്തപ്പോൾ- 7 മത്സരങ്ങളിൽ 1 ജയം മാത്രം
ഗെയ്ൽ ടീമിലുള്ളപ്പോൾ - കളിച്ച 5 മത്സരങ്ങളിൽ 5ലും ജയം
5 മത്സരങ്ങളിൽ നിന്ന് 177 റൺസ്
ഫിഫ്റ്രി-2, സ്ട്രൈക്ക് റേറ്ര് -138.28, സിക്സ് -15
അവസാന സ്ഥാനങ്ങളിലായിരുന്ന ടീം ഈ 42 കാരന്റെ വരവോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് 8 വിക്കറ്റിന്റെ വിജയം നേടിയത് ഗെയ്ൽ (29 പന്തിൽ 51) മൻദീപ് സിംഗിനൊപ്പം (പുറത്താകാതെ 66) പടുത്തുയർത്തിയ തകർപ്പൻ സെഞ്ച്വറി കൂട്ടുകെട്ടിന്റെ പിൻബലത്തിൽ. 5 സിക്സും 2 ഫോറും ഉൾപ്പെട്ടതായിരുന്നു ഗെയ്ലിന്റെ ഇന്നിംഗ്സ്. മൻദീപിന്റെ ഇന്നിംഗ്സ് 56 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ്.
മൻദീപ് തന്റെ മാച്ച് വിന്നിംഗ് അർദ്ധ സെഞ്ച്വറി ഇന്നിംഗ്സ് കഴിഞ്ഞയാഴ്‌ച മരിച്ച പിതാവ് ഹർദേവ് സിംഗിനാണ് സമർപ്പിച്ചത്.
ടീമിന്റേയും എന്റേയും പ്രകടനത്തിൽ ഏറെ സന്തോഷമുണ്ട്. എന്നാൽ ഇനിയും ഏറെ ദൂരം പോകാനുണ്ട്. മൻദീപിന്റെ ഇന്നിംഗ്സ് മഹത്തരമായിരുന്നു. അവന്റെ പിതാവ് മുകളിലിരുന്ന് സംതൃപ്തിയോടെ മകന്റെ പ്രകടനം കാണുന്നുണ്ടാകും. ടീം എന്നെ ഏൽപ്പിച്ച ചുമതല നന്നായി നിർവഹിക്കാനാകുന്നതിൽ സംതൃപ്തിയുണ്ട്. ഇപ്പോഴെങ്ങും വിരമിക്കരുതെന്നാണ് ടീമിലെ യുവതാരങ്ങൾ എല്ലാം എന്നോട് എപ്പോഴും പറയുന്നത്.
ക്രിസ് ഗെയ്ൽ
എല്ലാ മത്സരങ്ങളിലും നീ നോട്ടൗട്ടായിരിക്കണമെന്ന് എന്റെ പിതാവ് എപ്പോഴും എന്നോട് പറയുമായിരുന്നു. കൊൽക്കത്തയ്ക്കെതിരെ കളിക്കാനിറങ്ങുമ്പോൾ ഈ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കളിക്കു മുമ്പ് ഞാൻ രാഹുലിനോട് (കെ.എൽ) എന്റെ ശൈലിയിൽ കളിക്കാൻ അനുവദിക്കണമെന്നും കുറച്ച് ബാളുകൾ നേരിട്ട് കഴിഞ്ഞാൽ ടീമിനെ വിജയിപ്പിക്കുന്ന ഇന്നിംഗ്സ് പടുത്തുയർത്താനാകുമെന്നും പറഞ്ഞിരുന്നു. ടീമിനെ വിജയതീരത്തെത്തിച്ചതും ഞാൻ നോട്ടൗട്ടായതും കണ്ട് ഉയരങ്ങളിലിരുന്നു എന്റെ അച്ഛൻ ഏറെ സന്തോഷിച്ചിട്ടുണ്ടാകും.
മൻദീപ് സിംഗ്