
ചെന്നൈ: തൂത്തുക്കുടി പൊലീസ് കസ്റ്റഡിയിൽ മരിച്ച വ്യാപാരികളായ ജയരാജിനെയും മകൻ ബെന്നിക്സിനെയും അതിക്രൂരമായി പൊലീസ് പീഡിപ്പിച്ചുവെന്ന് വ്യക്തമായെന്നും ഇതിനുള്ള തെളിവുകൾ പൊലീസ് സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഭിച്ചതായും സി.ബി.ഐ. കേസിൽ സാത്താൻകുളം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലാണിത്.
ലാത്തിയിലെ രക്തവും സ്‌റ്റേഷന്റെ ചുവരിലെ രക്തക്കറകളും കൊല്ലപ്പെട്ട ജയരാജിന്റെയും മകൻ ബെന്നിക്സിന്റെയും രക്തവും ഒന്നാണെന്ന് ന്യൂഡൽഹി സി.എഫ്.എസ്.എല്ലിലെ വിദഗ്ദ്ധർ വ്യക്തമാക്കി. ജൂൺ 19 ന് രാത്രി 7.45നും അടുത്ത ദിവസം പുലർച്ചെ 3 നും ഇടയിൽ ജയരാജിനെയും ബെന്നിക്സിനെയും പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇരുവരെയും ഒരുമിച്ച് പൊലീസ് സ്റ്റേഷനിലെ ഒരു അടഞ്ഞ സ്ഥലത്ത് മണിക്കൂറുകളോളം പീഡിപ്പിച്ചു. കഠിനമായി അടിക്കാൻ പ്രതിയായ ഇൻസ്‌പെക്ടർ എസ്. ശ്രീധർ മറ്റ് പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചു. അവർ നിശബ്ദരാകുമ്പോൾ എന്തേ മിണ്ടാത്തതെന്ന് ചോദിച്ച് വീണ്ടും മർദ്ദിക്കാൻ ഉത്തരവിട്ടു. അവരെ വിവസ്ത്രരാക്കിയതായും കുറ്റപത്രത്തിൽ പറയുന്നു.
ലോക്ക്ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന് ആരോപിച്ച് സാത്താൻകുളത്ത് വ്യാപാരികളായ ജയരാജിനെയും ബെന്നിക്സിനെയും ജൂൺ 19നാണ് അറസ്റ്റ് ചെയ്തത്. ബെന്നിക്സ് ജൂൺ 22നും ജയരാജ് അടുത്ത ദിവസവും സർക്കാർ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.