
ന്യൂഡൽഹി: ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിൽ പക്ഷപാതം കാണിച്ചുവെന്ന ആരോപണത്തെ തുടർന്ന് ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണേഷ്യ, മദ്ധ്യേഷ്യ പോളിസി ഡയറക്ടർ അൻകി ദാസ് രാജിവച്ചു. വിദ്വേഷ പ്രചാരം നിയന്ത്രിക്കുന്നതിൽ ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചുവെന്ന ആരോപണത്തെ തുടർന്ന് കമ്പനിയ്ക്കുള്ളിൽ നിന്നും സർക്കാർ തലത്തിൽ നിന്നും അൻകിദാസിന്റെ ഇടപെടൽ ചോദ്യംചെയ്യപ്പെട്ടിരുന്നു.
ഫേസ്ബുക്കിലൂടെയുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കുന്നതിനെ അൻകിദാസ് ഇടപെട്ട് തടഞ്ഞുവെന്ന വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
കഴിഞ്ഞയാഴ്ച അൻകി ദാസ് ഒരു പാർലമെന്ററി പാനലിന് മുന്നിൽ ഹാജരായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം അൻകിദാസ് പാനലിന്റെ ചോദ്യങ്ങൾ നേരിട്ടുവെന്നാണ് റിപ്പോർട്ട്.
" പൊതുജനസേവനത്തോടുള്ള താത്പര്യം മൂലം അൻഖി ഫേസ്ബുക്കിലെ തന്റെ സ്ഥാനത്ത് നിന്നും പിന്മാറാൻ തീരുമാനിച്ചു. കഴിഞ്ഞ ഒൻപതു വർഷമായി അൻഖി ഞങ്ങളുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.വളരെയധികം സംഭാവനകൾ നൽകി.അവരുടെ സേവനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ് "- ഇന്നലെ വൈകിട്ട് ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അജിത് മോഹൻ പ്രസ്താവനയിൽ പറഞ്ഞു.