jammu-kashmir

ശ്രീനഗർ : രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങാമെന്ന കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ദ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ കോൺഫറൻസ്, പി.ഡി.പി തുടങ്ങി ജമ്മു കാശ്മീരിലെ ഏഴ് രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സംഖ്യമാണ് ദ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ. കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരെ ഒത്തൊരുമിച്ച് പോരാടുമെന്നും സഖ്യം പ്രഖ്യാപിച്ചു.

കേന്ദ്രത്തിന്റെ പുതിയ നിയമ പ്രകാരം ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങുന്നതിന് റസിഡന്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ കൃഷി ഭൂമി കർഷകർക്ക് മാത്രമെ വാങ്ങാനാകു. ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 എ എന്നിവ അസാധുവാക്കി ഒരു വർഷത്തിനുശേഷമാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

കേന്ദ്രഭരണ പ്രദേശത്ത് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ജമ്മു കാശ്മീർ വികസന നിയമത്തിലെ സെക്ഷൻ 17 ൽ നിന്ന് "സംസ്ഥാനത്തിന്റെ സ്ഥിര താമസക്കാരൻ" എന്ന വാക്യം ഒഴിവാക്കിയാണ് കേന്ദ്രം പുതിയ ഭേദഗതി വരുത്തിയത്. ആർട്ടിക്കിൾ 370, ആർട്ടിക്കിൾ 35-എ എന്നിവ റദ്ദാക്കുന്നതിനുമുമ്പ് ജമ്മു കാശ്മീരിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങാൻ ഇതരസംസ്ഥാനക്കാർക്ക് സാധിക്കില്ലായിരുന്നു.

അതേ സമയം,​ കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള അടക്കമുള്ളവർ രംഗത്തെത്തി. ജമ്മു കാശ്മീരിനെ ഇപ്പോൾ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണെന്നാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്. സർക്കാരിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഒമർ അബ്ദുള്ള ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പി അവസരവാദ രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുകയാണെന്നും ഭേദഗതി വിജ്ഞാപനം അവരുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെയും വഞ്ചനയേയും കാട്ടുന്നതായും ഒമർ അബ്ദുള്ള പറഞ്ഞു. ലഡാക്കിലെ ഓട്ടണോമസ് ഹിൽ ഡെവലപ്പ്മെന്റ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതുവരെ ബി.ജെ.പി കാത്തിരുന്നെന്നും ഒമർ അബ്ദുള്ള വിമർശിച്ചു.

പുതിയ നിയമം ജമ്മു കാശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുണ്ടായ വൻ ആക്രമണമാണെന്നും തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും പി.എ.ജി.ഡി വക്താവ് സജാദ് ലോൺ പറഞ്ഞു. ജമ്മുകാശ്മീരിലെ ജനങ്ങളെ കൂടുതൽ അശക്തരാക്കാനും അവരുടെ ഭൂമി കോർപറേറ്റുകൾക്ക് വില്ക്കാനുമായി രൂപകൽപന ചെയ്തതുമാണ് പുതിയ നിയമമെന്ന് സി.പി.എം നേതാവ് എം.വൈ. തരിഗാമി പ്രതികരിച്ചു. വികസനം, സുരക്ഷ എന്നിവയുടെ പേരിൽ ഭൂമി പകൽക്കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനുള്ള മറ്റൊരു ചവിട്ടുപടിയാണിതെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ആരോപിച്ചു. സി.പി.ഐ ( എം ), സി.പി.ഐ, പീപ്പിൾസ് കോൺഫറൻസ്, അവാമി നാഷണൽ കോൺഫറൻസ്, ദ പീപ്പിൾസ് മൂവ്മെന്റ് എന്നിവയാണ് പി.എ.ജി.ഡിയിലെ മറ്റ് അംഗങ്ങൾ.