shobana-geroge-

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതിയും ഖാദിബോർഡ് സെക്രട്ടറിയുമായ കെ.എ.രതീഷിന്റെ നിയമനം താൻ അറിഞ്ഞിരുന്നില്ലെന്ന് ഖാദിബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്. നിയമിച്ചതിന് ശേഷം മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ശോഭനാ ജോർജ് പറഞ്ഞു. രതീഷിന്റെ ശമ്പള ഫയൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ടെന്നും ശോഭനാ ജോർജ് വ്യക്തമാക്കി. ഒരു മലയാള വാർത്താ ചാനലിലെ ചർച്ചയ്ക്കിടയിലാണ് ശോഭനാ ജോർജ് ഇക്കാര്യം പറഞ്ഞത്.

കെ.എ.രതീഷിന്റെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശോഭനാ ജോർജ് കത്ത് നൽകിയിരുന്നു. മറ്റു സ്ഥാപനങ്ങളില്‍ ജോലിചെയ്തപ്പോള്‍ കിട്ടിയ മൂന്നുലക്ഷം രൂപ ഖാദിബോര്‍ഡിലും വേണമെന്നു കാണിച്ച് രതീഷ് ശോഭനാ ജോർജിനു കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ശുപാർശ. പിന്നീട് മന്ത്രിയും ധനമന്ത്രിയും അംഗീകരിച്ച് ശമ്പളം എണ്‍പതിനായിരത്തില്‍ നിന്നും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടർന്ന് വ്യവസായ വകുപ്പ് സെക്രട്ടറി ഖാദിബോര്‍ഡിനോടു വ്യക്തത തേടിയതോടെയാണ് സംഭവം പുറത്തായത്. കശുവണ്ടി ഇറക്കുമതി ക്രമക്കേടില്‍ ഒന്നാം പ്രതിയായ കെ.എ.രതീഷിന്റെ ശമ്പള വര്‍ദ്ധന ഏറെ വിവാദമായിരിക്കുകയാണ്.