deepika-padukone

മുംബയ്: മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാൻ ഹാജരാകാൻ നോട്ടീസ് നൽകി. കരിഷ്‌മയുടെ മുംബൈയിലെ വസതിയിലെത്തി നോട്ടീസ് പതിക്കുകയായിരുന്നു. കരിഷ്‌മ സ്ഥലത്തില്ലാത്തതിനാലായിരുന്നു ഇത്. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ മയക്കുമരുന്ന് കേസിൽ എൻ.സി.ബി കഴിഞ്ഞ മാസം കരിഷ്മയെയും ദീപികയെയും ചോദ്യം ചെയ്തിരുന്നു. നടിമാരായ രാകുൽ പ്രീത് സിംഗ്, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും എൻ.സി.ബി വിളിച്ചുവരുത്തിയിരുന്നു.

സുശാന്തിന്റെ ടാലന്റ് മാനേജരായ ജയ സാഹയിലൂടെയാണ് അന്വേഷണ സംഘം കരിഷ്മയിലെത്തിയത്. ജയയുടെ ഫോണിലെ വാട്ട്സ് ആപ്പ് ചാറ്റുകളിൽ നിന്നാണ് ദീപിക പദുകോണിന്റെയും ശ്രദ്ധ കപൂറിന്റെയും പേരുകൾ കണ്ടെത്തിയത്. ദീപികയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നെങ്കിലും തെളിവു ലഭിക്കാത്തതിനാൽ കേസിൽ നടിമാരെ പ്രതി ചേർത്തിട്ടില്ല.