
പാലക്കാട് : വാളയാർ കേസിൽ തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞു മാറുന്നുവെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. ' വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന് മുഖ്യമന്ത്രി പറയുന്നു. അവരെ മാറ്റിയെന്നും മുഖ്യമന്ത്രി പറയുന്നു. ഒരു കാരണവും അറിയിക്കാതെ തന്നെ മാറ്റി. കേസിന്റെ സമയം താൻ ഏകദേശം മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടർ ആയിരുന്നു. കേസിന്റെ തുടക്കവും അവസാനും ഞാനായിരുന്നില്ല. ജലജ മാധവൻ പറയുന്നു.
'എൽ.ഡി.എഫ് ഭരണത്തിൽ വന്നപ്പോൾ പാലക്കാട് ഉൾപ്പെടെയുള്ള ആറ് ജില്ലകളിൽ യു.ഡി.എപ് കാലത്തുള്ള സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ സർക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തിൽ തുടരുകയും ചെയ്തു. കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റി. 2019 മാർച്ചിൽ പുതിയ പ്രോസിക്യൂട്ടർമാർ വന്നു.'- അവർ പറഞ്ഞു.
പക്ഷേ, കഷ്ടിച്ച് മൂന്ന് മാസം ആകുമ്പോഴേക്കും ഒരു കാരണവും കൂടാതെ തന്നെ മാറ്റിയെന്നും പകരം യു.ഡി.എഫ് കാലത്തെ പഴയ പ്രോസിക്യൂട്ടറെ വീണ്ടും നിയമിക്കുകയും ചെയ്തതായി ജലജ മാധവൻ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് കാലത്തെ പ്രോസിക്യൂട്ടറെ വീണ്ടും നിയമിക്കാനുള്ള കാരണം എന്താണെന്നും ജലജ ചോദിക്കുന്നു.
കേസിൽ സി.ഡബ്ല്യൂ.സി ചെയർമാൻ ഒരു പ്രതിയ്ക്ക് വേണ്ടി ഹാജരായി എന്നും ഇതിനെതിരെ അന്വേഷണമുണ്ടായപ്പോൾ സത്യസന്ധമായ മൊഴി നൽകിയതിന് പിന്നാലെയാണ് തന്നെ മാറ്റിയതെന്നും ജലജ ആരോപിച്ചു. 'വാളയാർ കേസിൽ പ്രോസിക്യൂട്ടർമാരുടെ വീഴ്ച എന്ന് പറയാതെ, ആരുടെ വീഴ്ച, എവിടെ വീഴ്ച എന്ന് കൃത്യമായി പറയണം. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്?'- ജലജ മാധവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.