
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്‌പർ ഏകപക്ഷീയമായ ഒരു ഗോളിന് ബേൺലിയെ കീഴടക്കി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 76-ാം മിനിട്ടിൽ സൺ ഹ്യൂഗ് മിൻ നേടിയ ഗോളിലാണ് ടോട്ടനം വിജയം സ്വന്തമാക്കിയത്. ഹാരി കേനിന്റെ കോർണർ ഹെഡ്ഡ് ചെയ്ത് സൺ വലയ്ക്കകത്താക്കുകയായിരുന്നു. 6 മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി ടോട്ടനം ആറാം സ്ഥാനത്താണ്. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരെണ്ണം പോലും ജയിക്കാനാകാത്ത ബേൺലി 18-ാം സ്ഥാനത്താണ്. മറ്രൊരു മത്സരത്തിൽ ബ്രൈറ്രണും വെസ്‌റ്ര് ഹാമും ഓരോഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. വെസ്റ്ര് ഹാം താരം ജാക്ക് ലിവ്മോറിന്റെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെയാണ് ബേൺലി 40-ാം മിനിട്ടിൽ ലീഡെടുത്തത്. 83-ാം മിനിട്ടിൽ കാൾലൻ ഗ്രാന്റാണ് വെസ്റ്റ് ഹാമിന്റെ സമനില ഗോൾ നേടിയത്.