
സൺറൈസേഴ്സ് ഹൈദരാബാദ് 88 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി
പിറന്നാൾ ദിനത്തിൽ 25 പന്തിൽ ഫിഫ്റ്റിയടിച്ച് വാർണർ
വൃദ്ധിമാൻ സാഹയുടെ വെടിക്കെട്ട് എൻട്രി
ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 88 റൺസിന്റെ തകർപ്പൻ ജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർമാരായ വൃദ്ധിമാൻ സാഹയുടേയും (45 പന്തിൽ 87), ഡേവിഡ് വാർണറുടേയും (34 പന്തിൽ 64) വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് എന്ന വമ്പൻ ടോട്ടൽ പടുത്തുയർത്തി. 
ദുബായിൽ ഈ സീസണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. മറുപടിക്കിറങ്ങിയ ഡൽഹി 19 ഓവറിൽ 139 റൺസിന് ആൾഔട്ടാവുകയായിരുന്നു. 12 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്തേക്കു കയറി. 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള ഡൽഹി മൂന്നാം സ്ഥാനത്തേക്ക് വീണു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് സൺറൈസേഴ്സ് ഓപ്പണർമാർ പുറത്തെടുത്തത്.
ഈ ഐ.പി.എൽ സീസണിൽ തന്റെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സാഹ വാർണർക്കൊപ്പം ഡൽഹി ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റിൽ 9.4 ഓവറിൽ 107 റൺസാണ് അടിച്ചു കൂട്ടിയത്. 12 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ് സാഹയുടെ ഇന്നിംഗ്സ്. വാർണർ 8 ഫോറും 2 സിക്സും നേടി. ജോണി ബെയർസ്റ്റോയ്ക്ക് പകരം ടീമിൽ ഇടം നേടിയ സാഹ കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. വാർണറും സാഹയും ചേർന്ന് 4.4 ഓവറിൽ തന്നെ ഹൈദരാബാദിനെ 50 കടത്തി. തൊട്ടു പിന്നാലെ തന്റെ പിറന്നാൾ ദിനത്തിൽ 25 പന്തിൽ വാർണർ അർദ്ധ ശതകം നേടി. അഞ്ചാം ഓവറിൽ റബാഡയെ കടന്നാക്രമിച്ച വാർണർ 4 ഫോറും 1 സിക്സും അടക്കം 22 റൺസാണ് ആ ഓവറിൽ നേടിയത്.
വാർണറെ പട്ടേലിന്റെ കൈയിൽ എത്തിച്ച് അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ മനീഷ് പാണ്ഡെ (31 പന്തിൽ 44) സാഹയ്ക്ക് മികച്ച പിന്തുണ നൽകിയതോടെ ഹൈദരാബാദിന്റെ സ്കോറിംഗ് കുതിപ്പ് തുടർന്നു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന സാഹയെ നോർട്ട്ജെയുടെ പന്തിൽ ഡൽഹി നായകൻ ശ്രേയസ് അയ്യർ പിടികൂടുകയായിരുന്നു. കേൻ വില്യംസൺ (11) പാണ്ഡെയ്ക്കൊപ്പം പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ പിഴച്ചു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ശിഖർ ധവാൻ (0) സന്ദീപ് ശർമ്മയുടെ പന്തിൽ വാർണർക്ക് ക്യാച്ച് കൊടുത്ത് മടങ്ങി. സ്ഥാനക്കയറ്റം കിട്ടിയ മാർകസ് സ്റ്റോയിനിസും (5) വന്ന പോലെ പോയി. തുടർന്ന് 7-ാം ഓവറിൽ അജിങ്ക്യ രഹാനെയേയും (26), ഹെറ്റ്മേയറേയും (16) റാഷിദ് ഖാൻ മടക്കിയതോടെ ഡൽഹിയുടെ പ്രതീക്ഷകൾ പൊലിയുകയായിരുന്നു. റിഷഭ് പന്താണ് (35) അവരുടെ ടോപ് സ്കോറർ. തുഷാർ ദേശ്പാണ്ഡെ വാലറ്റത്ത് 9 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 20 റൺസെടുത്തു.
ഹൈദരാബാദിനായി റാഷിദ് ഖാൻ മൂന്നും സന്ദീപ് ശർമ്മ, നടരാജൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.