
ന്യൂഡൽഹി: രാജ്യം അഴിമതിയുടെ യുഗം ഉപേക്ഷിച്ചുവെന്ന് അഭിമാനത്തോടെ പറയാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സർക്കാരിന്റെ അഴിമതിവിരുദ്ധ നടപടികളെ പുകഴ്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. വിജിലൻസ് ആൻഡ് ആന്റി–കറപ്ഷന്റെ ദേശീയ സമ്മേളനം വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണപ്രക്രിയയുടെ ഏറ്റവും വലിയ ശത്രു അഴിമതിയാണെന്നും അതിനാൽ അഴിമതി ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നു മോദി ചൂണ്ടിക്കാട്ടി.
‘ഏതാനും വർഷങ്ങളായി അഴിമതിയോടു സഹിഷ്ണുത പുലർത്താത്ത സമീപനവുമായാണ് ഇന്ത്യ മുന്നേറുന്നത്. 2014 മുതൽ ഇന്നുവരെ ഭരണനിർവഹണ സംവിധാനം, ബാങ്കിങ്, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, തൊഴിൽ തുടങ്ങിയ എല്ലാ മേഖലകളിലും പുരോഗതി ഉണ്ടായിട്ടുണ്ട്. ഡി.ബി.ടി (ഡയറക്ട് ബാങ്ക് ട്രാൻസ്ഫർ) വഴി 100 ശതമാനം ആനുകൂല്യവും പാവങ്ങളിൽ എത്തിച്ചേരുന്നു. ഡിബിടി മാത്രമെടുത്താൽ 1,70,000 രൂപ തെറ്റായ കൈകളിലേക്ക് പോകുന്നതു ലാഭിക്കാനായി.'-പ്രധാനമന്ത്രി പറയുന്നു.
അഴിമതി വികസനത്തെ പ്രതികൂലമായി ബാധിക്കുകയും സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അഴിമതികളുടെ ആ കാലഘട്ടം രാജ്യം ഉപേക്ഷിച്ചുവെന്ന് ഇന്ന് അഭിമാനത്തോടെ പറയാമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുകയാണെന്നും അദ്ദേഹം ഇന്ത്യൻ ഭരണനിർവഹണത്തിന്റെ വാസ്തുശില്പികളിൽ ഒരാളാണെന്നും മോദി തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.