
ഇസ്ലാമാബാദ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇസ്ലാം വിരുദ്ധ പരാമർശത്തെ തുടർന്ന് ഇസ്ലാമിക രാഷ്ട്രങ്ങളും ഫ്രാൻസും തമ്മിലുള്ള സംഘർഷങ്ങൾ ഏറിവരികയാണ്. ഇതിന് പിന്നാലെയാണ് പാരിസിലെ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതിനായി പാകിസ്ഥാൻ പാർലമ്ന്റിൽ പ്രമേയം പാസാക്കിയത്.
വൻഭൂരിപക്ഷത്തിൽ വോട്ട് നേടി പ്രമേയം പാസായെങ്കിലും സ്ഥാനപതിയെ തിരികെ വിളിക്കാൻ പാകിസ്ഥാനായില്ല. കാരണം മറ്റൊന്നുമല്ല. തിരികെ വിളിക്കാൻ പാകിസ്ഥാന് പാരിസിൽ അങ്ങനെ ഒരു സ്ഥാനപതിയില്ലെന്നതാണ് സത്യം. ഫ്രാൻസിലെ പാക്കിസ്ഥാന്റെ അവസാന അംബാസഡർ മൊയിൻ-ഉൽ ഹഖ് മൂന്ന് മാസം മുമ്പാണ് ചൈനയിലേക്ക് സ്ഥലം മാറി പോയത്. ഇതിന് പകരമായി ആരെയും പാകിസ്ഥാൻ പാരിസിലേക്ക് അയച്ചിരുന്നില്ല. പ്രമേയം പാസാക്കാൻ മുന്നിട്ടിറങ്ങിയവരിൽ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി ഉണ്ടെന്നതും ഏറെ രസകരമായ കാര്യമാണ്.
മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിവാദപരാമർശം നടത്തിയത്. സംഭവത്തിൽ മാക്രോണെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാരിസിലെ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്.