
പാരിസ്: ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിൽ താമസിക്കുന്നതോ യാത്രചെയ്യുന്നതോ ആയ ഫ്രാൻസ് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഫ്രഞ്ച് ഭരണകൂടം. ഇത്തരക്കാർ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്നും ഫ്രാൻസ് സർക്കാർ അറിയിച്ചു. മുഹമ്മദ് നബിയെ അവഹേളിച്ചുള്ള കാർട്ടൂൺ വിവാദത്തെ തുടർന്ന് ഇസ്ലാം ഫ്രാൻസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഭരണകൂടം മുന്നറിയിപ്പ് നൽകിയത്.
ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഇറാഖ്, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളിലുള്ള ഫ്രാൻസ് പൗരന്മാർക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. പ്രതിഷേധ പരിപാടികളിൽ നിന്നും കാർട്ടൂണുകളിൽ നിന്നും അകന്നു നിൽക്കാനും നിർദേശമുണ്ട്. നബിയെ നിന്ദിച്ചു കൊണ്ടുള്ള കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നതിനെ സൗദി അറേബ്യ അപലപിച്ചുവെങ്കിലും ഫ്രഞ്ച് ബഹിഷ്കരണത്തിനുള്ള മറ്റു ഇസ്ലാമിക രാജ്യങ്ങളുടെ ആഹ്വാനത്തിൽ നിന്നും പിന്മാറി.
കഴിഞ്ഞ 16നാണ് മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ ക്ലാസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്തതിന്റെ പേരിൽ അദ്ധ്യാപകന്റെ തല വെട്ടിയത്. നബിയെ അപമാനിച്ചുവെന്ന് ആരോപിച്ച് സ്‌കൂളിന് പുറത്തുവച്ചാണ് അദ്ധ്യാപകന്റെ തലയറുത്ത് കൊന്നത്. അക്രമിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. അറസ്റ്റ് ചെയ്യാനുളള നീക്കത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്ക് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.സംഭവം ഇസ്ലാമിക തീവ്രവാദ ആക്രമണം ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചു.