
ദിവസത്തിന്റെ ആരംഭത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തിന് ദഹനം സുഗമമാക്കുന്നതിലും ശരീരത്തിന് പോഷകവും ആരോഗ്യവും ഉറപ്പാക്കുന്നതിലും പ്രധാന പങ്കുണ്ട്. ദിവസത്തിന്റെ ആരംഭത്തിൽ കഴിക്കേണ്ട പോഷക സമ്പന്നമായ ഭക്ഷണങ്ങളെക്കുറിച്ചറിയാം. മാംഗനീസ്, വിറ്റാമിൻ ഇ, പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ തുടങ്ങി ധാരാളം അവശ്യപോഷകങ്ങൾ ബദാമിലുണ്ട്.
ബദാം രാത്രി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ കഴിക്കാം. പൊട്ടാസ്യം, കാത്സ്യം,അയേൺ എന്നിവ അടങ്ങിയ ഉണക്കമുന്തിരി, ഈന്തപഴം എന്നിവയും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇളം ചൂടുവെളളത്തിലോ നാരങ്ങാവെള്ളത്തിലോ തേൻചേർത്ത് കഴിക്കുന്നത് വിഷാംശം പുറന്തള്ളാനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
നെല്ലിക്ക അല്ലെങ്കിൽ ഗോതമ്പ് പുല്ലിന്റെ പൊടി ചേർത്ത ജ്യൂസും ആരോഗ്യകരമാണ്. ജൈവകൃഷിരീതിയിൽ ഉണ്ടാക്കിയ പഴങ്ങൾ അല്ലെങ്കിൽ വീട്ടിൽ തന്നെയുള്ള പപ്പായ,പേരയ്ക്ക,മാമ്പഴം, മാതളനാരങ്ങ തുടങ്ങിയവ കഴിക്കാം. മുട്ട, ഓട്സ്, ബ്ലൂബെറി, ഷിയവിത്തുകൾ എന്നിവയും ദിവസത്തിന്റെ ആദ്യ ഭക്ഷണമാക്കാം.