
തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കസ്റ്റംസും, എൻഫോഴ്‌മെന്റും റജിസ്റ്റർ ചെയ്ത കേസുകളിൽ ആണ് മുൻകൂർ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കർ ഹർജി നൽകിയിരിക്കുന്നത്.
കേസിൽ തനിക്ക് പങ്കില്ലെന്നും, തന്നെ ജയിലിലടക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമമാണ് നടക്കുന്നതെന്നും ശിവശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. അന്വേഷണത്തിന്റെ പേരിൽ തന്നെ പീഡിപ്പിക്കുക ആണെന്നാണ് ശിവശങ്കറിന്റെ വാദം.
അതേസമയം, ശിവശങ്കറിന് ജാമ്യം നൽകുന്നതിനെ കസ്റ്റംസും, എൻഫോഴ്‌മെന്റും ശക്തമായി എതിർത്തിട്ടുണ്ട്. ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ വാദം. ശിവശങ്കറിന് എതിരെയുള്ള തെളിവുകൾ എൻഫോഴ്‌മെന്റ് കോടതിയ്ക്ക് കൈമാറിയിരുന്നു. ഇതുകൂടി പരിഗണിച്ചാകും ജാമ്യാപേക്ഷയിൽ വിധി പറയുക.