syro-malabar-sabha-agains

കോട്ടയം: യു.ഡി.എഫിനെതിരെ അതിരൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ. മുന്നാക്ക സംവരണം അടക്കമുളള വിഷയങ്ങളിൽ മുന്നണിക്കെതിരെ ചങ്ങനാശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ദീപിക പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ലേഖനമെഴുതിയത്. മുസ്ലീം ലീഗ് സംവരണത്തെ എതിർക്കുന്നത് ആദർശത്തിന്റെ പേരിലല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ നിലപാടിലെ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരികയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇതുവരെ യാതൊരു വിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27 ശതമാനത്തിൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികൾ അകാരണമായി എതിർക്കുന്നത് തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദർശത്തിന്റെ പേരിലാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്ന് കരുതാൻ സാധിക്കില്ല. സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഒന്നും വിളമ്പരുതെന്ന് ശഠിക്കുന്നത് എന്ത് വികാരമാണെന്നും അദ്ദേഹം ചോദിക്കുന്നു.

സംവരണത്തിനെതിരെ മുസ്ലീം ലീഗും അനുബന്ധ കക്ഷികളും നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്തെങ്കിലും ആദർശത്തിന്റെ പേരിലാണെന്ന് കണക്കാക്കാൻ കഴിയില്ലെന്നും ലേഖനം വിമർശിക്കുന്നു. പാർലമെന്റിൽ സാമ്പത്തിക സംവരണത്തിനുളള ഭരണഘടന ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത് മുസ്ലീം ലീഗിന്റെ രണ്ട് എം.പിമാരും എ.ഐ.എം.ഐ.എമ്മിന്റെ ഒരു എം.പിയുമാണ്. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കു വരുന്നു എന്നുളളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണെന്നും ലേഖനം നിരീക്ഷിക്കുന്നു.

കോൺഗ്രസിന് ദേശീയ നിലപാടിനെ പോലും അനുകൂലിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും ലേഖനം ചോദിക്കുന്നു. വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എം.എൽ.എമാരുടെ മേൽ പാർട്ടിക്ക് കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്ന് സംശയമുണ്ടെന്നും ജമാത്ത് ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുളളതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.