
ന്യൂഡൽഹി: രാജ്യത്ത് 'അൺലോക്ക്' ആരംഭിച്ചതിന് പിന്നാലെ ചില സംസ്ഥാനങ്ങളിൽ സിനിമാ തീയേറ്ററുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. എന്നാൽ വെറും ഏഴ് ശതമാനം ആളുകൾ മാത്രമേ തീയേറ്ററിൽ പോയി സിനിമ കാണൂവെന്നാണ് അടുത്തിടെ നടന്ന ഒരു ഓൺലൈൻ സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
74 ശതമാനം പേർ തീയേറ്ററിൽ പോയി സിനിമ കാണില്ലെന്ന് അഭിപ്രായപ്പെട്ടു. ഏഴ് മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും സിനിമ ശാലകൾ തുറക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത രണ്ട് മാസത്തിനുള്ളിൽ സിനിമാ തിയേറ്ററുകൾ സന്ദർശിക്കാൻ ആളുകൾ പദ്ധതിയിടുന്നുണ്ടോ എന്നറിയാൻ പ്രാദേശിക സർവേകൾ നടത്തിയിരുന്നു.രാജ്യത്തുടനീളം 8,274 പ്രതികരണങ്ങൾ ലഭിച്ചു.
'ഇപ്പോൾ പല സംസ്ഥാനങ്ങളിലും മൾട്ടിപ്ലക്സുകളും, തിയേറ്ററുകളും തുറന്നിരിക്കുന്നു, ശേഷിക്കുന്ന സംസ്ഥാനങ്ങളും ഉടൻ തുറക്കും. അടുത്ത 60 ദിവസത്തിനുള്ളിൽ സിനിമ കാണാൻ പോകുമോ?' എന്നായിരുന്നു സർവേയിൽ ചോദിച്ചത്. ഇതിന് മറുപടിയായി, നാല് ശതമാനം പേർ മാത്രമാണ് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്താൽ കാണാൻ പോകുമെന്ന് പറഞ്ഞത്. മൂന്ന് ശതമാനം പേർ പുതിയതോ പഴയതോ എന്ന് നോക്കാതെ സിനിമ കാണാൻ പോകുമെന്ന് പറഞ്ഞു.74 ശതമാനം പേർ പോകില്ലെന്ന് പറഞ്ഞപ്പോൾ രണ്ട് ശതമാനം പേർക്ക് ഉറപ്പില്ല.അതേസമയം ഒരു തിയേറ്ററിലും സിനിമ കാണാൻ പോകില്ലെന്ന് 17 ശതമാനം പേർ അഭിപ്രായപ്പെട്ടു.
സിനിമാ തിയേറ്ററുകൾ തുറന്നിട്ടുണ്ടെങ്കിലും അടുത്ത 60 ദിവസത്തിനുള്ളിൽ വളരെ കുറച്ച് ആളുകൾ മാത്രമേ തീയേറ്റർ സന്ദർശിക്കാൻ തയ്യാറാകൂ എന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് തിയേറ്ററുകളും മൾട്ടിപ്ലക്സുകളും വീണ്ടും തുറന്നിരിക്കുന്നത്. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട്, കേരളം, തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ സിനിമാ ഹാളുകൾ അടച്ചിട്ടിരിക്കുകയാണ്.
പണ്ട് സിനിമ കാണാൻ തിയേറ്ററിൽ പോകുന്നത് ആളുകൾക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാൽ കൊവിഡ് സിനിമ പ്രേമികളെ അവരെ വീടിനകത്ത് താമസിക്കാനും നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സിനിമ കാണാനും തുടങ്ങി.