karat-razak

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കൊടുവളളിയിലെ ഇടത് എം.എൽ.എ കാരാട്ട് റസാഖിനും പങ്കാളിത്തമുണ്ടെന്ന മൊഴി വന്നതോടെ കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ് സർക്കാരും സി.പി.എമ്മും. കേസിൽ അറസ്റ്റിലായ പ്രതി സന്ദീപ് നായരുടെ ഭാര്യ സൗമ്യ കസ്റ്റംസിന് നൽകിയ മൊഴിയിലാണ് കാരാട്ട് റസാഖിന്റെ പേര് പരാമർശിക്കുന്നത്. ചൂടുപിടിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ കാരാട്ട് റസാഖ് കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു.

സന്ദീപിന്റെ ഭാര്യ താങ്കൾക്കെതിരെ നൽകിയിരിക്കുന്ന മൊഴി വളരെയധികം ഗുരുതരമാണ്. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടാനുളള ചങ്കുറപ്പ് കാരാട്ട് റസാഖിനുണ്ടോ?

രാഷ്ട്രീയമായി നേരിട്ട് കൊണ്ടിരിക്കുകയാണ്. കൊടുവളളി മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സമരപരിപാടികൾ മുഴുവൻ പഞ്ചായത്തുകളിലും ആരംഭിച്ച് കഴിഞ്ഞു. പാർട്ടി കൂടിയാലോചിച്ച് കൂടുതൽ പരിപാടികൾ നടത്തും. നിയമപരമായ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിയമോപദേശം കിട്ടിയ ശേഷം കാര്യങ്ങളിലേക്ക് നീങ്ങും.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന വിജയം നേടിയ ഒരാളാണ്. ഇപ്പോൾ ഉണ്ടായ വിവാദം വ്യക്തിപരമായി ടാർഗറ്റ് ചെയ്യപ്പെട്ടുവെന്നാണ് താങ്കൾ പറയുന്നത്. എന്നാൽ ആരാണ് ഇതിന് പിന്നിൽ?

മുസ്ലീം ലീഗും ബി.ജെ.പിയും തമ്മിലുളള കൂട്ടുകച്ചവടമാണിത്. വളഞ്ഞിട്ട് എന്നെ അടിക്കുകയാണ് അവരുടെ ലക്ഷ്യം. ആരോപണങ്ങൾ മാത്രമല്ല എന്നെ വധിക്കാൻ വരെ ശ്രമം നടത്തിയിട്ടുണ്ട്. പൊലീസിന്റെ സഹായം പലതവണ എനിക്ക് തേടേണ്ടി വന്നിട്ടുണ്ട്. ബി.ജെ.പിയെ കൂട്ടുപിടിച്ച് ഏതെല്ലാം രീതിയിൽ എന്നെ തകർക്കാമോ അതെല്ലാം ലീഗ് ചെയ്യും. സ്ഥാനാർത്ഥിയായ സമയം മുതൽ എനിക്ക് വധഭീഷണിയുണ്ട്.

ഈ കേസും കാര്യങ്ങളും തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ഭയമില്ലേ. കാര്യങ്ങൾ ഇനി എളുപ്പമായിരിക്കുമോ?

കൊടുവളളിയിൽ അടുത്ത തിരഞ്ഞെടുപ്പിലും വിജയ സാദ്ധ്യത എനിക്ക് തന്നെയാണ്. അത് ലീഗിനെ ഭയപ്പെടുത്തുന്നുണ്ട്. വീണ്ടും ലീഗിന്റെ കോട്ട പിടിച്ചടക്കും എന്ന പേടിയുണ്ട് അവർക്ക്. അതാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ.

കാരാട്ട് ഫൈസലുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങൾ തുടങ്ങുന്നത്. അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്ന് താങ്കൾ ആവർത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുളള കണക്ഷനുണ്ടോ?
കൊടുവളളി മുൻസിപ്പാലിറ്റിയിലെ കൗൺസിലറാണ് അദ്ദേഹം. ഒരേ വാർഡിലാണ് ഞങ്ങളുടെ വീടുകളുളളത്. സ്വാഭാവികമായും കൊടുവളളിക്കാർ എന്ന ബന്ധമുണ്ടാകുമല്ലോ. ഞാൻ ലീഗിൽ നിൽക്കുന്ന സമയത്തേ ഫൈസൽ ഇടതുപക്ഷത്തിന്റെ കൗൺസിലറാണ്. കൗൺസിലറെ അറിയാത്ത ആളായിരിക്കില്ലല്ലോ എം.എൽ.എ. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ അന്വേഷിക്കാറോ ഇടപെടാറോയില്ല. ഒരുപാട് കാരാട്ടുമാരുണ്ട്. വൃന്ദ കാരാട്ടും പ്രകാശ് കാരാട്ടുമൊക്കെയുണ്ട്. കാരാട്ടെന്ന് പറഞ്ഞാൽ ഉടൻ ഞാൻ എങ്ങനെയാണ് കാരാട്ട് ഫൈസലിന്റെ ബന്ധുവാകുന്നത്.

കോടിയേരി കേരള യാത്രയ്‌ക്കിടെ നിങ്ങൾക്കൊപ്പം ആ കൂപ്പർ കാറിൽ കയറിയത് മുതൽ കാരാട്ട് റസാഖ് ഒരു വിവാദ നായകനാണ്. തുടരെത്തുടരെ വിവാദങ്ങൾ. ഈ വിവാദങ്ങളൊക്കെ നല്ലതാണോ?

അത് എന്റെ കാറല്ല. കാരാട്ട് ഫൈസലിന്റെ കാറായാണ് പറയപ്പെടുന്നത്. ഒരു ജനപ്രതിനിധിയെ സംബന്ധിച്ചിടത്തോളം വിവാദങ്ങൾ എപ്പോഴും ഉണ്ടാകും. അത് സ്വാഭാവികമാണ്. എന്നാൽ, എന്നെ സംബന്ധിച്ച് ലീഗുണ്ടാക്കുന്ന വിവാദങ്ങളാണ് എല്ലാം. ഓരോ വിവാദങ്ങളും എനിക്ക് അനുകൂലമായി മാറുക തന്നെ ചെയ്യും.

വ്യവസായ ജീവിതം രാഷ്ട്രീയ ജീവിതത്തിന് ഭീഷണിയാണോ?

ഞാനൊരു ബിസിനസുകാരനായിരുന്നു. പക്ഷേ, വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി പൊതുപ്രവർത്തനത്തിലേക്ക് എത്തിയപ്പോൾ അതിൽ ഹരംപിടിച്ച ഒരാളാണ് ഞാൻ. പൊതുപ്രവർത്തനത്തിന്റെ ഭാഗമായി പല തരത്തിൽ ഒരുപാട് ആളുകളെ ഞാൻ സഹായിച്ചിട്ടുണ്ട്. ആളുകളെ സഹായിക്കാൻ പറ്റുന്നത് കൊണ്ടു തന്നെ വ്യവസായത്തെക്കാൾ എനിക്ക് താത്പര്യം പൊതുപ്രവർത്തനമാണ്.

ലീഗിനെ കുറ്റം പറയുമ്പോഴും എൺപതിലധികം കേസുകൾ രജിസ്റ്റർ ചെയ്‌ത എം.സി കമറുദ്ദീന്റെ മൊഴിയെടുക്കാൻ പോലും പിണറായിയുടെ പൊലീസ് തയ്യാറായിട്ടില്ല. എം.എൽ.എ പറയുന്നതിന് നേർ വിപരീതമാണ് ബി.ജെ.പി പറയുന്നത്. സി.പി.എമ്മും ലീഗും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നാണ് അവരുടെ പക്ഷം.

ജൂവലറിയുടെ ചെയർമാനെ പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്. രണ്ടാം ഘട്ടമെന്ന നിലയിൽ എം.എൽ.എയെ ചോദ്യം ചെയ്യുമെന്നാണ് മാദ്ധ്യമങ്ങളിലൂടെ കാണാൻ സാധിച്ചത്. ഘട്ടം ഘട്ടമായി പൊലീസ് എല്ലാം ചെയ്യും. അതിൽ സി.പി.എം ലീഗ് കൂട്ടുകെട്ടില്ല.

മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കേന്ദ്ര ഏജൻസികൾ നീങ്ങാൻ സാദ്ധ്യതയുണ്ട്. ഒരു പക്ഷേ കുറ്റപത്രത്തിൽ എം.എൽ.എയുടെ പേര് വരെ വന്നേക്കാം.

കുറ്റപത്രത്തിൽ പേര് വന്നാൽ തീർച്ചയായും ഞാൻ രാജിവയ്‌ക്കും. ഒരു എം.എൽ.എ എന്ന നിലയിൽ രാജ്യദ്രോഹകുറ്റം ഉണ്ടാകുന്ന ഒരു പ്രവർത്തനത്തിൽ പങ്കാളിയാകാൻ പാടില്ല. അത് വളരെ കർക്കശമായി പാലിക്കേണ്ട കാര്യമാണ്. ഇല്ലാത്തൊരു ആരോപണമാണ് എനിക്കെതിരെ വന്നിരിക്കുന്നത്. പ്രതിയുടെ ഭാര്യയാണ് എനിക്കെതിരെ പരാമർശം നടത്തിയിരിക്കുന്നത്. പ്രതികളാരും എനിക്കെതിരെ ഒരു പരാമ‌ർശവും നടത്തിയിട്ടില്ല. അങ്ങനെ പരാമർശം നടത്താനുളള ഒരു സാഹചര്യവും ഞങ്ങൾ തമ്മിലില്ല. പ്രതികളുമായോ സ്വർണക്കടത്തുമായോ എനിക്ക് യാതൊരു ബന്ധവുമില്ല. ഒരു അന്വേഷണ ഏജൻസിക്കും എന്നെ പ്രതിയാക്കാൻ സാധിക്കില്ല. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കിൽ ഞാൻ പ്രതിയാകില്ല.

സത്യസന്ധമായ അന്വേഷണം കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് വിശ്വസിക്കാമോ?

കേന്ദ്ര ഏജൻസികളെ നമ്മൾ സംശയിക്കേണ്ട കാര്യമില്ല.

സി.ബി.ഐയെ സി.പി.എം പോളിറ്റ്ബ്യൂറോ കൂടി എതിർത്തിരിക്കുകയാണല്ലോ?

സി.ബി.ഐ ആ അന്വേഷണം അനാവശ്യമായി ഏറ്റെടുത്തതാണ്. കോടതി പറഞ്ഞിട്ടോ സർക്കാർ പറഞ്ഞിട്ടോ ഏറ്റെടുത്തതല്ല. ഒരു എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്തത് കൊണ്ടാണ് സർക്കാരിന് അങ്ങനെ ചിന്തിക്കേണ്ടി വന്നത്. മറിച്ച് സ്വർണക്കടത്ത് കേസിൽ ഏത് കേന്ദ്ര ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ. അവരുടെ അന്വേഷണത്തെ വിശ്വസിക്കണം.

കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഉറപ്പിച്ച് പറയുകയാണ്. പിന്നെ എങ്ങനെയാണ് ഒരു ബന്ധവുമില്ലാത്ത ഒരാളുടെ പേര് മൊഴിയിൽ വരുന്നത്.

അത് ലീഗിന്റെയും ബി.ജെ.പിയുടെയും ഗൂഢാലോചനയാണ്. കുറേ കാലമായി ലീഗ് എന്നെ ഏതെങ്കിലും കേസിൽ പ്രതിയാക്കാൻ നോക്കുകയാണ്. അതിനു വേണ്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഉപയോഗപ്പെടുത്തി എന്നെ കുടുക്കുകയാണ്. പ്രതിയുടെ ഭാര്യയെ ഉപയോഗിച്ച് എന്നെ വീഴ്‌ത്താനുളള ശ്രമമാണിത്.

ലീഗും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് പറഞ്ഞാൽ പെട്ടെന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്ത് അടിസ്ഥാനത്തിലാണ് ഈ പറയുന്നത്?

കേരളത്തിൽ ഇപ്പോൾ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുളള ബന്ധം എന്താണെന്ന് എല്ലാവർക്കുമറിയാം. ഈ മൊഴിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ്. ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റും യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റും മൂന്ന് മാസം മുമ്പേ കാരാട്ട് റസാഖ് പ്രതിയാണെന്ന് പറഞ്ഞ് കഴിഞ്ഞു. അന്വേഷണം ആരംഭിക്കും മുമ്പേ ഞാൻ പ്രതിയാണെന്ന് ഇവർ എങ്ങനെയാണ് പറഞ്ഞത്. അത് കൂട്ടുകച്ചവടത്തിന്റെ ഭാഗമായാണ്.

ഇവർ എഴുതി കൊടുക്കുന്ന തിരക്കഥ അനുസരിച്ചാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം എന്നാണോ പറഞ്ഞുവരുന്നത്?

കേന്ദ്ര ഏജൻസികളെ വലിച്ചിഴയ്‌ക്കേണ്ട. പ്രതിയുടെ ഭാര്യ നൽകിയ മൊഴിയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. അതിൽ ദുരൂഹതയുണ്ട്.

താങ്കൾക്കെതിരെ വലിയ നടപടികളിലേക്ക് ഒരുപക്ഷേ കേന്ദ്ര ഏജൻസികൾ പോയേക്കാം. തിരഞ്ഞെടുപ്പിന് മുമ്പ് അഗ്നിശുദ്ധി വരുത്താൻ കഴിയുമെന്നുളള വിശ്വാസമുണ്ടോ?
തിരഞ്ഞെടുപ്പിന് മുമ്പുളള വേട്ടയാടലാണ് ഇപ്പോൾ നടക്കുന്നത്. ഇനി ഇതുപോലെ ഒരുപാട് ഗൂഢാലോചനകൾ വരാൻ ബാക്കിയുണ്ട്. അതിനെയൊന്നും ഞങ്ങൾ ഭയപ്പെടുന്നില്ല. കാരണം മടിയിൽ കനമില്ലാത്തവന് ഭയപ്പെടേണ്ട സാഹചര്യമില്ല.