p-j-joseph-oommen-chandy

കോട്ടയം: കോട്ടയത്ത് കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിലുളള തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച സീറ്റ് ധാരണ ചർച്ചകൾ നവംബർ രണ്ടിന് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കും. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് പാർട്ടികൾക്കും നിർണായകമാണ്. കൂടുതൽ സീറ്റുകളിൽ ജയിച്ച് നിയമസഭ തിരഞ്ഞെടുപ്പിൽ ഇപ്പോഴുളളതിനെക്കാൾ സീറ്റുകൾ നേടുക എന്നതാണ് ജോസഫിന്റെ ലക്ഷ്യം.

കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ പാലിക്കാത്തതിനാലാണ് ജോസ് കെ മാണിക്ക് മുന്നണിക്ക് പുറത്തു പോകേണ്ടി വന്നത്. ജില്ല പഞ്ചായത്തിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ ബുധനാഴ്‌ച പി.ജെ ജോസഫ്, ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ നടത്താമെന്നായിരുന്നു ധാരണ. എന്നാൽ ഉമ്മൻചാണ്ടിയുടെ ഡ്രൈവർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചർച്ച മാറ്റിവയ്‌ക്കുകയായിരുന്നു. ഇരുപാർട്ടികളും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനൊന്ന് സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. എന്നാൽ അന്ന് കേരള കോൺഗ്രസിൽ ഭിന്നതകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ പതിനൊന്ന് സീറ്റെന്ന വാദം യു.ഡി.എഫ് തളളുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച അതേ സീറ്റുകളിൽ മത്സരിക്കുമെന്നായിരുന്നു പി.ജെ ജോസഫ് പറഞ്ഞിരുന്നത്. എന്നാൽ അതിൽ മാറ്റം വന്നേക്കുമെന്ന് ജോസഫ് വിഭാഗത്തിൽ തന്നെ ധാരണയായതായും വിവരമുണ്ട്. നേരത്തെയുണ്ടായിരുന്ന പതിനൊന്ന് സീറ്റുകളിൽ ആറോ ഏഴോ സീറ്റുകളിൽ ജോസഫ് വിഭാഗവും ബാക്കി സീറ്റുകളിൽ കോൺഗ്രസും മത്സരിച്ചേക്കാനാണ് സാദ്ധ്യത. ഇതുവരെയും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലാത്ത നേതാക്കളെ ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇറക്കണമെന്നാണ് കോൺഗ്രസിന്റെ തീരുമാനമെന്നും അത് നിയമസഭ തിരഞ്ഞെടുപ്പിൽ സഹായിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.