sivasankar

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ശിവശങ്കറിന്റെ വാദങ്ങൾ കോടതി പ്രാഥമികമായി അംഗീകരിച്ചില്ല. കസ്റ്റംസിന്റേയും ഇ.ഡിയുടേയും എതിർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തളളിയത്. സ്വാധീന ശേഷിയുളള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.

ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കളളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു എൻഫോഴ്സ്‌മെന്റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇ.ഡി കോടതിയിൽ അറിയിച്ചിരുന്നു.

കേസിന്റെ നിർണായകഘട്ടത്തിലാണ് ശിവശങ്കറിനെ കോടതി കൈവിടുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. ഒരാഴ്ചത്തേക്ക് കൂടി ശിവശങ്കറിന് ചികിത്സ ആവശ്യമാണെന്നാണ് ആശുപത്രി ഡോക്‌ടർമാർ വ്യക്തമാക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ ശിവശങ്കർ സുപ്രീംകോടതിയെ സമീപിക്കാനുളള സാഹചര്യവും നിലനിൽക്കുന്നുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റുമായി ശിവശങ്കർ നടത്തിയ വാട്‌സാപ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് ഹാജരാക്കിയത്. ജാമ്യാപേക്ഷ തളളിയതോടെ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനുള്ള തടസം ഇ.ഡിക്കും കസ്റ്റംസിനും നീങ്ങി. വൈകാതെ ഇ.ഡിയും കസ്റ്റംസും ശിവശങ്കറിന് സമൻസ് നൽകിയേക്കും.