
അപർണാസെൻ. ഇന്ത്യൻ സിനിമയ്ക്ക് സത്യജിത് റേ സമ്മാനിച്ച വിസ്മയം. നടിയായി വന്ന് സംവിധായികയായി തിളങ്ങിയ സുന്ദരി.ബംഗാളി സിനിമയിലെ ഈ നിത്യവസന്തത്തിന് ഇന്നലെ 75 വയസ് തികഞ്ഞു.അപർണാ സെന്നിനെ നേരിൽ കണ്ട് അഭിമുഖം നടത്തിയപ്പോഴുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
പ്രശസ്ത ചലച്ചിത്ര നിരൂപകൻ ചിദാനന്ദ് ദാസ്ഗുപ്തയുടെയും ദേശീയ അവാർഡ് നേടിയ വസ്ത്രാലങ്കാര വിദഗ്ധ സുപ്രിയാ ദാസ് ഗുപ്തയുടെയും മകൾ. കൊൽക്കത്ത പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോൾ തന്റെ പതിനഞ്ചാമത്തെ വയസിലാണ് അപർണ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.റേയുടെ തീൻ കന്യയിലായിരുന്നു തുടക്കം.പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.മികച്ച നടിയായി തിളങ്ങി.
ശശികപൂറിന്റെ ഭാര്യ ജെനിഫർ കപൂറിനെ നായികയാക്കിയ 36 ചൗരംഗി ലെയിൻ എന്ന ചിത്രത്തോടെയായിരുന്നു സംവിധായികയായുള്ള അരങ്ങേറ്റം.പിന്നീട് പരോമ, മിസ്റ്റർ ആൻഡ് മിസിസ് അയ്യർ, ജാപ്പനീസ് വൈഫ് തുടങ്ങി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സംവിധായികയായും നിറഞ്ഞു നിന്നു.ദേശീയ-അന്തർദ്ദേശീയ അവാർഡുകൾ കരസ്ഥമാക്കി.മിക്ക വർഷങ്ങളിലും അപർണയുടെ ചിത്രങ്ങൾ ഉണ്ടാകാറുണ്ട്.മകൾ കൊങ്കണസെൻ ശർമ്മയും നടിയും സംവിധായികയുമാണ്.
തിരുവനന്തപുരത്ത്
വന്നപ്പോൾ
ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഇരുപത്തിയെട്ടാമത് എഡിഷൻ 1997 ജനുവരി 10 മുതൽ 20 വരെ തിരുവനന്തപുരത്തായിരുന്നു. അന്ന് ചലച്ചിത്രോത്സവത്തിനിടെ കൈരളി തിയറ്ററിനു മുന്നിൽ വച്ചാണ് അപർണാ സെന്നിനെ നേരിൽ കണ്ടത്.കേരളകൗമുദിയ്ക്കായി ഒരഭിമുഖത്തിന് സമീപിച്ചു.അടുത്ത ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക് അവർ താമസിക്കുന്ന കിഴക്കേക്കോട്ടയിലെ ലൂസിയാ ഹോട്ടലിലെ റെസ് ന്റോറന്റിൽ വരാൻ പറഞ്ഞു. അന്ന് ശ്യാം ബെനഗൽ, രജത് കപൂർ, സ്മിതാ പാട്ടീലിന്റെ സഹോദരിമാർ തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖർ അവിടെ താമസിക്കുന്നുണ്ട്.
ഫോട്ടോഗ്രാഫർ റാമുമൊത്ത് (കേരളകൗമുദിയുടെ ഫോട്ടോഗ്രാഫറായിരിക്കെ അകാലത്തിൽ വിടപറഞ്ഞ എസ്.എസ്.റാം.) ഇതെഴുതുന്നയാൾ അവിടെ പോയി. പന്ത്രണ്ടേകാൽ മണിയായപ്പോൾ അപർണ ഹോട്ടലിൽ വന്നു.റിസപ്ഷനിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ മുറിയിൽ പോയിട്ട് ഉടൻ വരാമെന്നു അവർ പറഞ്ഞു. ഈ സമയം മറ്റൊരു പ്രമുഖ പത്രത്തിന്റെ ലേഖകൻ അവിടെ നിൽപ്പുണ്ടായിരുന്നു .ഫിലിം ഫെസ്റ്റിവൽ പത്രങ്ങൾ നന്നായി കവർ ചെയ്യുന്നുണ്ടായിരുന്നു.അതിനാൽ വാർത്തകൾക്കും അഭിമുഖങ്ങൾക്കുമായിട്ടാണ് അയാളുടെയും വരവ്.തത്കാലം നമ്മൾക്കയാളെ കുമാർ എന്നു വിളിക്കാം.യഥാർത്ഥ പേരല്ല.
നാടകീയ
കടന്നുവരവ്
പെട്ടെന്ന് തിരികെയിറങ്ങി വന്ന അപർണ എന്നെയും റാമിനേയും കൂട്ടി  റെസ് ന്റോറന്റിനുള്ളിലേക്ക് കയറി.ഇത് പുതുമുഖമായ കുമാറിന് തീരെപിടിച്ചില്ലെന്നു തോന്നുന്നു. റെസ് ന്റോറന്റിലേക്ക് കയറും മുമ്പെ കുമാർ അവരെ തടഞ്ഞു നിറുത്തുന്നതുപോലെ സ്വയം പരിചയപ്പെടുത്തുകയും തന്നോടു സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റം അപർണാ സെന്നിന് തീരെപ്പിടിച്ചില്ല.എന്നിട്ടും കുമാറിനോട് അടുത്ത ദിവസം കോൺടാക്ട് ചെയ്യാൻ അവർ മര്യാദയോടെ പറഞ്ഞു.റെസ് ന്റോറന്റിൽ കയറി ഞങ്ങൾ സംഭാഷണം തുടങ്ങി.ഉച്ചഭക്ഷണം കഴിക്കാൻ അവർ നിർബന്ധിച്ചെങ്കിലും ഞാനും റാമും ലെമൺ ജൂസ് മാത്രം മതിയെന്ന് പറഞ്ഞൊഴിഞ്ഞു.ഇതിനിടെ അടുത്ത ടേബിളിലിരുന്ന ശ്യാം ബെനഗലും ഞങ്ങളുടെ ടേബിളിലേക്ക് വന്നു.
സംഭാഷണം രസകരമായി പുരോഗമിക്കവെ നേരത്തേപറഞ്ഞ കുമാർ നാടകീയമായി ആ ടേബിളിനരികിലേക്ക് വന്നു.തുടർന്ന് നടന്ന സംഭാഷണത്തിന്റെ മലയാള രൂപം ഇങ്ങനെ--" മാഡം.. ഞാൻ കുമാർ,
അപർണാസെൻ. ' നേരത്തെ പറഞ്ഞല്ലോ '
കുമാർ. ' ഞാൻ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റ പ്രതിനിധിയാണ്
അപർണ. ' അതിന് ഞാനെന്ത് വേണം'
കുമാർ.' എന്നോടും കൂടി സംസാരിക്കണം.ഞാനിവിടെ ഇരിക്കട്ടെ '
ആ പെരുമാറ്റം അപർണയെ ചൊടിപ്പിച്ചു. എങ്കിലും മര്യാദയോടെതന്നെ പറഞ്ഞു .
' നിങ്ങളോടല്ലേ മിസ്റ്റർ നാളെ കോൺടാക്ട് ചെയ്യാൻ പറഞ്ഞത്.
അപ്പോൾ കുമാർ പ്രചാരത്തിന്റെ കണക്ക് വീണ്ടും പറഞ്ഞു.
അപർണ അല്പം ദേഷ്യത്തോടെ പ്രതികരിച്ചു." ഇതാദ്യമായാണ് പ്രചാരത്തിന്റെ കണക്കു പറഞ്ഞ് ഒരാൾ എന്നോട് അഭിമുഖത്തിനായി സമീപിക്കുന്നത്. ദയവ് ചെയ്ത് നിങ്ങൾ ഇവിടെ നിന്ന് പോകണം.
കുമാർ വീണ്ടും എന്തോ പറയാനായി തുടങ്ങിയപ്പോൾ അപർണ തീർത്തു പറഞ്ഞു.
ഇറങ്ങിപ്പോകൂ...പ്ളീസ് .
മടിച്ചു മടിച്ചാണെങ്കിലും കഥാനായകൻ സ്ഥലം വിട്ടു.അധികവർഷം കഴിയും മുമ്പേ ആ വിദ്വാൻ പത്രപ്രവർത്തനം തന്നെ ഉപേക്ഷിച്ച് ഗൾഫിലേക്ക് പോയി.
അപർണാസെൻ പിന്നീട് വിശദമായി സംസാരിച്ചു. വർഷം എത്ര കടന്നുപോയിരിക്കുന്നു. അന്ന് അപർണാസെന്നിന് പ്രായം 52 . കാലം എത്രവേഗം കടന്നുപോകുന്നു. റാം പോയിട്ട് അഞ്ചുവർഷമായി. അപർണയ്ക് 75 വയസായെന്ന് വിശ്വസിക്കാൻ പ്രയാസം. പിറന്നാൾ ആശംസകൾ അപർണാസെൻ.