
തിരുവനന്തപുരം: യു.എ.ഇ സഹായത്തോടെ, പ്രളയത്തിൽ തകർന്ന 150 വീടുകൾ പുതുക്കിപ്പണിയാനുള്ള പദ്ധതിയുടെ കരാർ ലഭിച്ചത് കാറുകളുടെ ഭാഗങ്ങൾ വിൽക്കുന്ന തിരുവനന്തപുരത്തെ കാർ പാലസ് കടയുടമ അബ്ദുൾ ലത്തീഫിന്. അബ്ദുൾ ലത്തീഫ് കേരളത്തിലെ ഉന്നത രാഷ്ട്രീയനേതാവിന്റെ മകന്റെ ബിനാമിയാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഈ ഇടപാടിൽ 70,000 ഡോളർ (51ലക്ഷം രൂപ) കാർ പാലസ് തനിക്ക് കമ്മിഷൻ നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ കടയുടമയുടെ യു.എ.എഫ്.എക്സ്. സൊല്യൂഷൻസ് എന്ന കമ്പനിക്കാണ് കോൺസുലേറ്റിലെ പണമിടപാട് കരാറും നൽകിയത്. ഈ ഇടപാടിൽ 35,000 ഡോളർ (25.8ലക്ഷം രൂപ) കമ്മിഷൻ തനിക്ക് ലഭിച്ചെന്നും സ്വപ്ന വെളിപ്പെടുത്തി. ഇന്റർനാഷണൽ ക്രെഡിറ്റ് ഡെബിറ്റ് കാർഡ് സേവന കരാർ നൽകിയതിനാണ് കമ്മീഷൻ.150 വീടുകളുടെ പുനർനിർമാണത്തിനായി 1,60,000 ഡോളറാണ് (1.2കോടി രൂപ) യു.എ.ഇ കോൺസുലേറ്റ് കൈമാറിയത്. കഴിഞ്ഞ ജൂൺ ഒന്നിനും 26നുമിടയിൽ സ്വപ്നയെ ആറിലേറെ തവണ ലത്തീഫ് ഫോണിൽ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് അന്വേഷിക്കുന്ന ഏജൻസികൾ അബ്ദുൾ ലത്തീഫ് ബിനാമി ഉടമമാത്രമാണെന്നാണ് സംശയിക്കുന്നത്. ഉന്നത രാഷ്ട്രീയനേതാവിന്റെ മകനും ഇയാളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടന്നുവരുകയാണ്. കോൺസുലേറ്റിലെ ചിലരുമായും രാഷ്ട്രീയനേതാവിന്റെ മകന് ബന്ധമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. സ്വത്തുക്കളിലും അന്വേഷണം നടന്നുവരുകയാണ്.
അബ്ദുൾ ലത്തീഫിന്റെ കമ്പനിയായ യു.എ.എഫ്.എക്സിന് വീസ സ്റ്റാമ്പിംഗ് സംബന്ധിച്ച കരാർ നൽകിയപ്പോൾ കോൺസൽ ജനറലിന് 1.20 കോടി രൂപയും സ്വപ്നയ്ക്ക് 26 ലക്ഷം രൂപയും കമ്മിഷൻ ലഭിച്ചിട്ടുണ്ട്. അബ്ദുൾ ലത്തീഫുമായി കോൺസുൽ ജനറലിനും കോൺസുലേറ്റിലെ സാമ്പത്തികവിഭാഗം തലവനായ ഖാലിദിനും വ്യക്തിപരമായ ബന്ധമുണ്ടായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രളയപുനർനിർമ്മാണ കരാറെടുക്കുകയോ സ്വപ്നയ്ക്ക് കമ്മീഷൻ നൽകുകയോ ചെയ്തിട്ടില്ലെന്ന് അബ്ദുൾ ലത്തീഫ് പ്രതികരിച്ചു.