
ചാവക്കാട്: തകർന്നുകിടക്കുന്ന ചാവക്കാട്‌ചേറ്റുവ ദേശീയപാത ശരിയാക്കാത്തതിൽ പ്രതിഷേധിച്ച് പട്ടാപ്പകൽ റോഡിൽ അടിവസ്ത്രമുരിഞ്ഞ് ഡോക്ട്ടറുടെ പ്രതിഷേധം. തൃശൂർ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ സി.വി. കൃഷ്ണകുമാറിന്റെ പ്രവൃത്തിക്കെതിരെ കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ പൊലീസിൽ പരാതി നൽകി. റോഡ് ശരിയാക്കാത്തതിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കെ.വി. അബ്ദുൾ ഖാദർ എം.എൽ.എക്കും എതിരെ ആക്ഷേപകരമായ പരാമർശങ്ങൾ ഇയാൾ നടത്തിയെന്നാണ് പരാതി.
ഡോക്ടർ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. പൊതുനിരത്തിൽ അടിവസ്ത്രം പ്രദർശിപ്പിക്കുകയും ആക്ഷേപകരമായ പരാമർശം നടത്തുകയും ചെയ്ത ഡോക്ട്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് എം.എൽ.എ പരാതി നൽകിയത്.