covid

തിരുവനന്തപുരം: വീടുകളിൽ മതിയായ ക്വാറന്റൈൻ സംവിധാനങ്ങളില്ലാത്ത,​ ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള ജില്ലയിലെ ആദ്യ ഡൊമിസിലറി കൊവിഡ് കെയർ സെന്റർ അമ്പലത്തറയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാഭരണകൂടത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുക.

നിലവിൽ 23 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണുള്ളത്. ഏഴ് സെക്കൻഡറി ട്രീറ്റ്മെന്റ് സെന്ററുകളും ആരോഗ്യ വകുപ്പിന് കീഴിൽ ഒരു കൊവിഡ് ആശുപത്രിയും ഉണ്ട്. ഡൊമിസിലറി ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്ക് നഗരസഭയാണ് ഭക്ഷണവും മറ്റു കാര്യങ്ങളും നൽകുക. ഇപ്പോൾ കൊവിഡ് പോസിറ്റീവാകുന്ന രോഗികളെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളിലാണ് ചികിത്സിച്ചു വരുന്നത്.

ഭക്ഷണ ബിൽത്തുക സർക്കാർ നൽകും

അതേസമയം,​ സർക്കാർ ആശുപത്രികളിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് റെഫർ ചെയ്യപ്പെടുന്ന രോഗികൾക്ക് ചികിത്സയിൽ കഴിയുമ്പോൾ ഭക്ഷണത്തിന് ചെലവാകുന്ന തുക സർക്കാരിന്റെ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നൽകാൻ തീരുമാനിച്ചതായി കളക്ടർ നവജ്യോത് ഖോസ പറഞ്ഞു. ഇത്തരത്തിലുള്ള രോഗികൾക്ക് പ്രതിദിനം 160 രൂപ നൽകും. ഭക്ഷണത്തിന് നൽകാൻ പണം ഇല്ലാത്തവർക്കാണ് ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം നൽകുന്നത്. നിലവിൽ 11 സ്വകാര്യ ആശുപത്രികളിലായി 497 കൊവിഡ് കിടക്കകളാണ് ജില്ലയിലുള്ളത്.