anna-hakobyan

താൻ സൈനിക പരിശീലനം ആരംഭിച്ചതായും ഉടൻ തന്നെ അസർബൈജാനുമായി കടുത്ത പോരാട്ടം നിലനിൽക്കുന്ന നഗോർനോ - കരാബഖ് മേഖലയിലുള്ള അർമേനിയൻ സേനയുടെ ഭാഗമാകുമെന്നും അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിൻയാന്റെ ഭാര്യ അന്ന ഹകോബയാൻ

താനുൾപ്പെടുന്ന 13 അംഗ വനിതാ സ്ക്വാഡ് ഉടൻ തന്നെ മിലിട്ടറി ട്രെയിനിംഗ് അഭ്യാസം ആരംഭിക്കുന്ന വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് 42 കാരിയായ അന്ന പുറത്തുവിട്ടത്. ' വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ നമ്മുടെ അതിർത്തി സംരക്ഷിക്കുന്നതിനായി ഞങ്ങൾ പുറപ്പെടും. നമ്മുടെ മാതൃരാജ്യമോ നമ്മുടെ അന്തസോ ശത്രുവിന് മുന്നിൽ കീഴടങ്ങില്ല. ' അന്ന തന്റെ പോസ്‌റ്റിനൊപ്പം കുറിച്ചു.

അസർബൈജാനും അർമേനിയയും തമ്മിൽ പിരിമുറുക്കം ശക്തമായതിന് ശേഷം അന്ന നടത്തുന്ന രണ്ടാമത്തെ മിലിട്ടറി പരിശീലന ഘട്ടമാണിത്. കഴിഞ്ഞ മാസം, അന്നയും കരാബഖിൽ നിന്നുള്ള വനിതാ സംഘവും അർമേനിയയിലെ ഒരു മിലിട്ടറി ബേസിൽ ഏഴ് ദിവസത്തെ സൈനിക പോരാട്ട പരിശീലനം നടത്തിയിരുന്നു. തോക്കുകളും യുദ്ധോപകരണങ്ങളും ഉപയോഗിക്കേണ്ട വിധം അന്ന് അവരെ പരിശീലിപ്പിച്ചിരുന്നു.

anna-hakobyan

സെപ്തംബർ മുതൽ അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ആയിരത്തിലധികം പേർ കൊല്ലപ്പെട്ടു. റഷ്യയും അമേരിക്കയും വെവ്വേറെ മൂന്ന് വെടിനിറുത്തൽ കരാറുകൾക്ക് ശ്രമിച്ചെങ്കിലും അർമേനിയയും അസർബൈജാനും തമ്മിലുള്ള പോരാട്ടം ശക്തമാവുകയും കരാറുകൾ ഫലം കാണാതെ പോവുകയുമായിരുന്നു.

അർമേനിയയിലെ ഏറ്റവും വലിയ ദിനപത്രമായ അർമേനിയൻ ടൈംസിന്റെ ചീഫ് എഡിറ്റർ ആയ അന്ന, അസർബൈജാന്റെ ആക്രമണത്തിനിരയാകുന്ന നഗോർനോ - കരാബഖ് മേഖലയിലുള്ള സാധാരണ ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചറിയണമെന്ന സന്ദേശത്തിൽ യു.എസ്, കാനഡ, ഫ്രാൻസ്, ബ്രസീൽ, ലെബനൻ, സിംഗപ്പൂർ, ലിത്വാനിയ, അർജന്റീന, വിയറ്റ്നാം എന്നിവിടങ്ങളിലെ പ്രഥമ വനിതകൾക്ക് കത്തയച്ചിരുന്നു. അന്നയുടെ മകൻ 20കാരനായ ആഷോറ്റ് പാഷിൻയാനും കരാബാഖിൽ അസർബൈജാനെതിരെ പോരാടാൻ സായുധസേനയ്ക്കൊപ്പം ചേർന്നിരുന്നു.