sivasankar

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളർ കേസിൽ കസ്‌റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി എൻഫോഴ്‌സ്‌മെന്റ് സംഘം കൊച്ചിയിലെ ഓഫീസിലെത്തി. വൈകാതെ ചോദ്യം ചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. മുൻപ് ഹൈക്കോടതി ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള‌ളിയ വിവരം അറിഞ്ഞ് നിമിഷങ്ങൾക്കകം അദ്ദേഹം ചികിത്സയിൽ കഴിയുന്ന ആയുർവേദ ആശുപത്രിയിലെത്തി എൻഫോഴ്‌സ്‌മെന്റ് അധികൃതർ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ കസ്‌റ്റംസ് അധികൃതരും എത്തിയിട്ടുണ്ട്. ഇ.ഡി,കസ്‌റ്റംസ് ഉദ്യോഗസ്ഥർ ഒരുമിച്ച് ശിവശങ്കറിനെ ചോദ്യം ചെയ്‌തു. സ്ഥലത്ത് യൂത്ത്കോൺഗ്രസ് പ്രവർത്തകർ‌ മതിൽചാടിയെത്തി വൻപ്രതിഷേധം നടത്തി.

strike

മുൻപ് മുൻകൂർ ജാമ്യാപേക്ഷയിൽ ശിവശങ്കർ ഉന്നയിച്ച വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കസ്‌റ്റംസും ഇ.ഡിയും ഉയർത്തിയ എതിർവാദങ്ങൾ അംഗീകരിച്ച കോടതി ജാമ്യത്തിനായുള‌ള വാദങ്ങൾ തള‌ളുകയായിരുന്നു. വൻ സ്വാധീനശേഷിയുള‌ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന ഇഡിയുടെയും കസ്‌റ്റംസിന്റെയും വാദം ജാമ്യാപേക്ഷ പരിഗണിച്ച ജസ്‌റ്റിസ് അശോക് മേനോൻ അംഗീകരിച്ചു.സ്വർണക്കടത്തിന്റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കളളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമായിരുന്നു എൻഫോഴ്സ്‌മെന്റ് വാദം. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചിരുന്നു.സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർഭാഗമാകേണ്ട കാര്യമില്ലായിരുന്നു എന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള‌ളിക്കൊണ്ട് പറഞ്ഞു. സ്വപ്‌ന സുരേഷ് ഉൾപ്പടെയുള‌ളവരുമായി ഇടപെടുമ്പോൾ സർക്കാർ ഉദ്യോഗസ്ഥനായ ശിവശങ്കർ ജാഗ്രതപാലിക്കേണമായിരുന്നെന്ന് കോടതി ഓർമ്മിപ്പിച്ചു.